ബന്‍വാര്‍ സിങ് ഷെഖാവത്തിന്റെ ഭാവങ്ങൾ; ‘പുഷ്പ’യിലെ ഫഹദ് ഫാസിലിന്റെ മാസ്സ് എൻട്രി -വിഡിയോ

January 23, 2022

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് പുഷ്പ. രണ്ടുഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം പ്രേക്ഷകരിൽ മികച്ച ആവേശമാണ് ഉയർത്തിയിരിക്കുന്നത്. സിനിമയിൽ മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ ഉണ്ടെന്നതും ആവേശമുണർത്തുന്നതായിരുന്നു. ബന്‍വാര്‍ സിങ് ഷെഖാവത്ത് ഐ പി എസ് ആയാണ് ഫഹദ് ചിത്രത്തിൽ എത്തിയത്. ഇപ്പോഴിതാ, ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ രംഗങ്ങളും എൻട്രിയും കോർത്തിണക്കിയ ഒരു വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. തിയേറ്റർ റിലീസിന് പുറമെ ആമസോൺ പ്രൈമിലും റിലീസ് ചെയ്തിരിക്കുകയാണ് പുഷ്പ.

രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായിക. മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിങ് – കാര്‍ത്തിക ശ്രീനിവാസ്. സംഗീതം – ദേവി ശ്രീ പ്രസാദ്. തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി, കന്നഡ മൊഴിമാറ്റ പതിപ്പുകളും തിയറ്ററുകളിലെത്തിയിരുന്നു.

Read Also: ‘അപ്പു അനുഭവങ്ങളിലൂടെ വളർന്ന നടൻ’; ‘ഹൃദയ’ത്തിലെ പ്രണവ് മോഹൻലാലിനെ പറ്റി വിനീത് ശ്രീനിവാസൻ

‘അല വൈകുണ്ഠപുരമുലോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അല്ലു അർജുൻ നായകനാകുന്ന ചിത്രമാണ് ‘പുഷ്പ’. ‘ആര്യ’, ‘ആര്യ-2’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുൻ- സുകുമാർ കൂട്ടുകെട്ടിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. കഴിഞ്ഞ വർഷം കൊവിഡ് കാലത്ത് ദുരിതത്തിലായ സിനിമയിലെ ദിവസവേതന തൊഴിലാളികളെ സഹായിക്കാനായി ഈ സിനിമയുടെ അണിയറപ്രവർത്തകർ മുന്നോട്ട് വന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights- Fahadh Faasil as Bhanwar Singh Shekhawat Mass Entry Scene