‘ഈ കാലഘട്ടത്തിൽ താങ്കളുടെ കൂടെ മത്സരിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു’ ചരിത്രനേട്ടത്തിൽ നദാലിനെ അഭിനന്ദിച്ച് ഫെഡററുടെ കുറിപ്പ്
ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പൺ നേടിയതോട് കൂടി 21 ഗ്രാൻഡ്സ്ലാം വിജയങ്ങൾ നേടുന്ന ചരിത്രത്തിലെ ആദ്യ ടെന്നീസ് താരമായി മാറിയിരിക്കുകയാണ് സ്പെയിൻകാരനായ റാഫേൽ നദാൽ. ഇന്നലെ മുതൽ പ്രമുഖരും ആരാധകരുമായിട്ടുള്ള ഒരുപാട് ആളുകളാണ് വിവിധ ഭാഗങ്ങളിൽ നിന്ന് നദാലിന് അഭിനന്ദനപ്രവാഹം ചൊരിയുന്നത്. അതിൽ നദാലിനെ പുകഴ്ത്തി കളിക്കളത്തിലെ അദ്ദേഹത്തിന്റെ ചിരവൈരിയും ജീവിതത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തും കൂടിയായ സൂപ്പർ താരം റോജർ ഫെഡറർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാവുന്നത്.
എന്തൊരു മത്സരം എന്നു കുറിപ്പ് തുടങ്ങിയ ഫെഡറർ തന്റെ വലിയ സുഹൃത്തും എതിരാളിയുമായ നദാലിന് 21 ഗ്രാൻഡ്സ്ലാം നേട്ടങ്ങൾ കൈവരിക്കുന്ന ആദ്യ താരമായതിൽ അഭിനന്ദനങ്ങൾ നേർന്നു. മാസങ്ങൾക്ക് മുമ്പ് പരിക്കിനെ കുറിച്ചു തങ്ങൾ തമാശയായി സംസാരിച്ചത് ഫെഡറർ ഓർത്തെടുത്തു. എന്നാൽ ഒരിക്കലും നദാലിന്റെ പോരാട്ട മികവും കഠിനാദ്ധ്വാനവും വില കുറച്ച് കാണരുതെന്ന് പറഞ്ഞ ഫെഡറർ തനിക്കും ലോകത്തുള്ള എണ്ണമറ്റ ഒരുപാട് ആളുകൾക്കും വലിയ പ്രചോദനമാണ് നദാലെന്നും കൂട്ടിച്ചേർത്തു. നദാലിനൊപ്പം ഈ കാലഘട്ടത്തിൽ കളിക്കാനായതിലും പരസ്പരം കഴിഞ്ഞ 18 വർഷമായി പ്രചോദിപ്പിച്ചു പോരാടിയതിലും തനിക്ക് അഭിമാനമുണ്ടെന്നും ഫെഡറർ പറഞ്ഞു.
ഇനിയും മുൻപോട്ട് ഒരുപാട് നേട്ടങ്ങൾ താങ്കളെ കാത്തിരിക്കുന്നുണ്ടെങ്കിലും ഇപ്പോൾ ഈ വിജയം ആഘോഷിക്കുക എന്നും ഫെഡറർ ആശംസിച്ചു.
Read More: മമ്മൂക്ക അഭിനയകലയിലെ പ്രിൻസിപ്പലെന്ന് അല്‍ഫോണ്‍സ് പുത്രൻ; ആരാധകന്റെ ചോദ്യത്തിനുള്ള മറുപടി
മാസങ്ങൾക്ക് മുൻപ് പരുക്കിന്റെ പിടിയിലായി ടെന്നീസ് കരിയർ തന്നെ അവസാനിച്ചു എന്ന് കരുതിയിരുന്ന സ്പാനിഷ് താരം റാഫേൽ നദാലിന്റെ അവിശ്വസനീയമായ തിരിച്ചുവരവാണ് ഓസ്ട്രേലിയൻ ഓപ്പണിൽ കണ്ടത്. ഫൈനലില്‍ റഷ്യയുടെ ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വെദേവിനെ തകര്‍ത്താണ് നദാല്‍ കിരീടത്തില്‍ മുത്തമിട്ടത്.
Story Highlights: Federer praises Nadal’s victory