‘അന്ന് അച്ഛനോളം..ഇന്ന് അമ്മയോളം’- സ്നേഹം നിറയും ചിത്രവുമായി ഗിന്നസ് പക്രു
മലയാളികളുടെ മനസ്സിൽ കൗതുകവും സ്നേഹവും ഒരുപോലെ നിറച്ച അഭിനേതാവാണ് ഗിന്നസ് പക്രു. ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മറ്റു ഭാഷകളിലും സുപരിചിതനാണ്. തന്റെ വിശേഷങ്ങളും സിനിമാ ഓർമ്മകളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഗിന്നസ് പക്രു പങ്കുവയ്ക്കാറുണ്ട്. ഗിന്നസ് പക്രുവിന്റെ വിവാഹവും കുഞ്ഞിന്റെ ജനനവുമെല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. മകൾ ദീപ്ത കീർത്തി അച്ഛന്റെ വിശേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ്.
മകൾ പക്രുവിന്റെ തോളൊപ്പം വളർന്നപ്പോൾ ഇരുവരും ഒന്നിച്ചെടുത്ത ഒരു ചിത്രം വളരെയധികം ശ്രദ്ധനേടിയിരുന്നു. അച്ഛനൊപ്പം മകൾ വളർന്ന ചിത്രം എല്ലാവരും ഏറ്റെടുത്തു. ഇപ്പോഴിതാ, മകളുടെ മറ്റൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് പക്രു. ഒപ്പം ഹൃദ്യമായൊരു കുറിപ്പുമുണ്ട്. ‘അന്ന് അച്ഛനോളം..ഇന്ന് അമ്മയോളം’ എന്ന കുറിപ്പിനൊപ്പമാണ് പക്രു ചിത്രം പങ്കുവെച്ചത്. ഭാര്യ ഗായത്രിക്കൊപ്പം മകൾ നിൽക്കുന്ന ചിത്രമാണ് പക്രു പങ്കുവെച്ചത്.
Read Also: മിന്നൽ മുരളിയിലെ ആ വലിയ ശബ്ദങ്ങൾക്ക് പിന്നിൽ; ശ്രദ്ധനേടി മേക്കിങ് വിഡിയോ
മിമിക്രി വേദിയിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ പക്രു ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന പേരിൽ ഗിന്നസ് റെക്കോർഡിലും കയറി. 1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി പക്രു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ നടൻ എന്നതിലുപരി സംവിധായകൻ,നിർമാതാവ് തുടങ്ങിയ നിലയിലെല്ലാം ശ്രദ്ധേയനാകുകയാണ് പക്രു.
Story highlights-guinness pakru about daughter