കെ എൽ രാഹുല്‍ ലഖ്‌നൗവിലും ഹാര്‍ദിക് പാണ്ഡ്യ അഹമ്മദാബാദിലും; ഐപിഎൽ മെഗാലേലത്തിന് മുൻപ് തന്നെ താരങ്ങൾ ടീമിൽ

January 19, 2022

ഫെബ്രുവരി 12,13 തീയതികളിൽ ഐപിഎൽ ലേലം നടക്കാനിരിക്കെ ഇന്ത്യൻ സൂപ്പർ താരങ്ങളെ ടീമിലെത്തിച്ച് ലഖ്‌നൗവും അഹമ്മദാബാദും. പുതിയ ഫ്രാഞ്ചൈസികൾക്ക് ലേലത്തിന് മുൻപ് തന്നെ 3 താരങ്ങളെ ടീമിലെടുക്കാനുള്ള അനുവാദമുണ്ട്. 15 കോടി രൂപയ്ക്ക് കെ എൽ രാഹുല്‍ ലഖ്‌നൗവിലെത്തിയപ്പോൾ അഹമ്മദാബാദിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ ടീമിന്റെ ക്യാപ്റ്റനാവാനുള്ള സാധ്യതയുമുണ്ട്.

രാഹുലിനൊപ്പം ഓസ്ട്രേലിയന്‍ താരം മാര്‍ക്കസ് സ്റ്റോയിനിസ് ഇന്ത്യൻ താരമായ സ്പിന്നര്‍ രവി ബിഷ്ണോയി എന്നിവരും ലഖ്‌നൗ ടീമിലെത്തിയപ്പോൾ അഫ്ഗാന്‍ താരം റാഷിദ് ഖാന്‍, ഇന്ത്യൻ താരം ശുഭ്മാന്‍ ഗില്‍ എന്നിവരേയാണ് പാണ്ഡ്യക്കൊപ്പം അഹമ്മദാബാദ് സ്വന്തമാക്കിയത്. ഇന്ത്യൻ താരം ആശിഷ് നെഹ്റ, സൗത്ത് ആഫ്രിക്കൻ താരവും നേരത്തെ ഇന്ത്യൻ ടീമിന്റെ കോച്ചുമായിരുന്ന ഗാരി കിർസ്റ്റൻ, ഇംഗ്ലണ്ട് ബാറ്റ്സ്മാനായിരുന്ന വിക്രം സോളങ്കി എന്നിവരാണ് അഹമ്മദാബാദ് ടീമിന്റെ കോച്ചിങ് സ്റ്റാഫിലുള്ളത്.

കഴിഞ്ഞ 2 സീസണിൽ പഞ്ചാബിനെ നയിച്ചിരുന്നത് കെ എൽ രാഹുലായിരുന്നു. ക്യാപ്റ്റനെന്ന നിലയിലുള്ള രാഹുലിന്റെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്താൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ലഖ്‌നൗ. രവി ബിഷ്ണോയി ഇതിന് മുൻപും രാഹുലിന് കീഴിൽ കളിച്ചിട്ടുള്ളത് ലഖ്‌നൗ ടീമിന് ഗുണമാവുമ്പോൾ ഇതാദ്യമായാണ് പാണ്ഡ്യയും റാഷിദ് ഖാനും ഐപിഎലിൽ ഒരു ടീമിലെത്തുന്നത്.

Read More: കൊവിഡ് വ്യാപനം; നിവിൻ പോളിയുടെ തുറമുഖം റിലീസ് നീട്ടി

90 കോടി രൂപയാണ് ഒരു ഐപിഎൽ ടീമിന് ലേലത്തിൽ ചിലവാക്കാൻ കഴിയുന്നത്. പുതിയ ഫ്രാഞ്ചൈസികൾക്കും അത്രയും തന്നെ തുകയനുവദിച്ചിട്ടുണ്ട്. 15 കോടി, 11 കോടി, 7 കോടി എന്നിങ്ങനെയാണ് 3 താരങ്ങൾക്കായി പുതിയ ഫ്രാഞ്ചൈസികൾക്ക് ചിലവഴിക്കാൻ കഴിയുന്നത്.

Story Highlights: K L Rahul in Lucknow and Hardik Pandya in Ahmedabad