നായകനെന്ന നിലയിൽ കഴിവിൽ വിശ്വാസമുണ്ടെന്ന് കെ എൽ രാഹുൽ; മികച്ച ടീമിനെ വാർത്തെടുക്കാൻ തയ്യാറെടുത്ത് ഇന്ത്യൻ ക്യാപ്റ്റൻ

January 26, 2022

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പര നഷ്ടമായതിന് ശേഷം ഇന്ത്യൻ ടീം കടുത്ത സമ്മർദ്ദത്തിലാണ്. രോഹിത് ശർമ്മയുടെ അഭാവത്തിൽ കെ എൽ രാഹുലിന്റെ നേതൃത്വത്തിൽ കളിക്കാനിറങ്ങിയ ടീം പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും തോൽവി രുചിച്ചിരുന്നു. ടീമിനൊപ്പം കെ എൽ രാഹുലും കടുത്ത വിമർശനം ഏറ്റ് വാങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ തോൽവിയെപറ്റിയുള്ള രാഹുലിന്റെ പ്രതികരണം ശ്രദ്ധ നേടുന്നത്.

ടീമിനെ നയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും തോൽ‌വിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്നും രാഹുൽ പറഞ്ഞു. തോൽവിയിലൂടെയാണ് താൻ തുടങ്ങിയതെന്നും ദക്ഷിണാഫ്രിക്കക്കെതിരെയുള്ള തോൽ‌വിയിൽ നിന്ന് ടീം ഏറെ പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു. മികച്ച ഒരു ടീമിനെ വാർത്തെടുക്കാൻ ഒരു നായകനെന്ന നിലയിലുള്ള തന്റെ കഴിവിലും രാഹുൽ വിശ്വാസം പ്രകടിപ്പിച്ചു.

“രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കാനും ടീമിനെ നയിക്കാനും സാധിച്ചതില്‍ അഭിമാനമുണ്ട്. പക്ഷേ ദക്ഷിണാഫ്രിക്കക്കെതിരെ വിജയം നേടാനായില്ല. ഈ തോല്‍വിയില്‍ നിന്ന് ഞങ്ങള്‍ ഒരുപാട് പഠിച്ചു. തോല്‍വിയില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞുമാറുന്നില്ല. വിജയത്തേക്കാള്‍ തോല്‍വികള്‍ നമ്മെ കരുത്തരാക്കും. എന്റെ ക്രിക്കറ്റ് കരിയര്‍ അങ്ങനെയാണ്. തോല്‍വിയില്‍ നിന്നാണ് ഞാന്‍ തുടങ്ങിയത്. പെട്ടെന്ന് വിജയിച്ച ഒരാളല്ല ഞാന്‍. എനിക്ക് ലഭിച്ച അംഗീകാരങ്ങളെല്ലാം ദീര്‍ഘനാളത്തെ പ്രയത്‌നത്തിനുശേഷം വന്നതാണ്. നായകനായുള്ള എന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ട്. എനിക്ക് മികച്ച ഒരു ടീമിനെ വാര്‍ത്തെടുക്കാനാകും. എന്റെ രാജ്യത്തിനും എന്റെ ടീമിനും വേണ്ടി ഞാന്‍ മികച്ച പ്രകടനം പുറത്തെടുക്കും”- തന്റെ പ്രതികരണത്തിൽ രാഹുൽ വ്യക്തമാക്കി.

Read More: സിദ്ധാർഥ് ആയി ഷെയ്ൻ നിഗം; വെയിൽ ട്രെയ്‌ലർ പങ്കുവെച്ച് മമ്മൂട്ടി

ഐപിഎലിലെ പുതിയ ടീമായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ നായകൻ കൂടിയാണ് രാഹുൽ. റെക്കോർഡ് തുകയ്ക്കാണ് ലഖ്‌നൗ ടീം രാഹുലിനെ സ്വന്തമാക്കിയത്.

Story Highlights: K. L. Rahul on the series loss against South Africa