‘ബ്രോ ഡാഡി’യ്ക്ക് വേണ്ടി പൃഥ്വിരാജിനൊപ്പം ഗാനം ആലപിച്ച് മോഹൻലാൽ, വിഡിയോ പുറത്ത്

January 21, 2022

പൃഥ്വിരാജ് സുകുമാരൻ- മോഹൻലാൽ കൂട്ടുകെട്ടിൽ പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്ന ചിത്രമാണ് ബ്രോ ഡാഡി. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇരുവരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത് എന്നതാണ് ഗാനത്തിന്റെ മുഖ്യാകർഷണം. അതേസമയം ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ബ്രോ ഡാഡി.

ചിത്രത്തിൽ ജോൺ കാറ്റാടി എന്നാണ് മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജോൺ കാറ്റാടിയുടെ മകൻ ഈശോ ജോൺ കാറ്റാടിയായാണ് പൃഥ്വിരാജ് എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളുമടക്കം സിനിമ ആസ്വാദകരിൽ ആവേശം നിറയ്ക്കുന്നുണ്ട്. ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇത് ഉറപ്പുവരുത്തുന്നതാണ് ചിത്രത്തിന്റെ ട്രെയ്‌ലറും.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. മീന, കല്യാണി പ്രിയദർശൻ, കനിഹ, മല്ലിക സുകുമാരൻ, സൗബിൻ, ജഗദീഷ്, ലാലു അലക്‌സ്, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളും വിവിധ കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നു.

Read also: പ്രണയവും സൗഹൃദവും പറഞ്ഞ് പ്രണവ്, ‘ഹൃദയം’ കവർന്ന് ട്രെയ്‌ലർ

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യന്ന ചിത്രമാണ് ബ്രോ ഡാഡി. ബ്രോ ഡാഡിക്ക് ശേഷം, ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കും.

Story highlights; Mohanlal sings with Prithwiraj for Bro Daddy