മകന്റെ മരണശേഷം മരുമകളുടെ വിദ്യാഭ്യാസം ഏറ്റെടുത്തു, ഇപ്പോൾ വിവാഹവും കഴിപ്പിച്ചയച്ച് ഭർതൃമാതാവ്

January 28, 2022

രാജസ്ഥാനിൽ നിന്നുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. മരിച്ചുപോയ മകന്റെ ഭാര്യയെ സ്വന്തം മകളെപ്പോലെ സ്നേഹിക്കുകയും അവളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തികൊടുക്കുകയും ചെയ്ത ഒരു അമ്മയാണ് സോഷ്യൽ ഇടങ്ങളുടെ കൈയടി ഏറ്റുവാങ്ങുന്നത്. സ്ത്രീധന മരണങ്ങളും ശൈശവ വിവാഹങ്ങളും വലിയ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജസ്ഥാനിൽ നിന്നുള്ളതാണ് ഈ മാതൃകാപരമായ വാർത്ത എന്നതാണ് ഇതിന് കൂടുതൽ മാധ്യമശ്രദ്ധ നേടികൊടുക്കുന്നത്.

രാജസ്ഥാനിലെ ഫത്തേപൂർ ഷെഖാവതിയിലാണ് മാധ്യമങ്ങളുടെ പ്രശംസ ഏറ്റുവാങ്ങുന്ന കമല ദേവി എന്ന ‘അമ്മ. സ്വന്തം മകൻ മരിച്ചതോടെ മകന്റെ ഭാര്യയെ സ്വന്തം മകളെപ്പോലെ സ്നേഹിച്ച ഈ അമ്മ അവൾക്ക് ഉന്നത വിദ്യാഭ്യാസം നേടികൊടുക്കുകയും ജോലി നേടാൻ സഹായിക്കുകയും ചെയ്തു. ഇപ്പോഴിതാ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തയാക്കിയ മരുമകളുടെ വിവാഹവും ആഘോഷപൂർവം നടത്തിയിരിക്കുകയാണ് കമല ദേവി.

Read also: കരുതിയിരിക്കാം കൊവിഡാനന്തര രോഗങ്ങളെയും; എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ശക്തമാക്കുന്നുവെന്ന് ആരോഗ്യ മന്ത്രി

2016 മെയ് 25 -നായിരുന്നു കമല ദേവിയുടെ ഇളയ മകൻ ശുഭം സുനിത എന്ന പെൺകുട്ടിയെ വിവാഹം ചെയ്തത്. 2016 നവംബറിൽ മസ്തിഷ്‌കാഘാതത്തെ തുടർന്ന് ശുഭം മരണപ്പെടുകയായിരുന്നു. എന്നാൽ, മകന്റെ മരണശേഷം ദുഃഖത്തിലായ കമല ദേവി മകന്റെ ഭാര്യയ്ക്ക് മികച്ച വിദ്യാഭ്യാസം നൽകാനും ഒരു ജോലി നേടികൊടുക്കാനും തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഒരു സർക്കാർ സ്കൂളിൽ അധ്യാപികയായി സുനിത ജോലി നേടി. ഇപ്പോഴിതാ അഞ്ച് വർഷങ്ങൾക്ക് ശേഷം സുനിതയുടെ വിവാഹവും നടത്തികൊടുത്തിരിക്കുകയാണ് കമല ദേവി.

Story highlights: Mother-in-law Got Daughter-in-law Re-married After Son’s Death