ലോകറെക്കോർഡിലേക്കടുത്ത് നദാൽ; ചരിത്രനേട്ടത്തിന് വെല്ലുവിളിയാവാൻ ഫെഡററും ജോക്കോവിച്ചും ഇല്ല
ഓസ്ട്രേലിയൻ ഓപ്പണിൽ രണ്ടര മണിക്കൂർ നീണ്ടുനിന്ന നാലാം റൗണ്ട് പ്രീക്വാർട്ടർ മത്സരത്തിൽ ഫ്രഞ്ച് താരം അഡ്രിയാൻ മന്നാറിന്നോയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് റാഫേൽ നദാൽ ക്വാർട്ടറിലേക്ക്. 7-6, 6-2, 6-2 എന്ന സ്കോറിനാണ് നദാൽ അഡ്രിയാനിനെ കീഴടക്കിയത്. ഇതോടെ 21 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ എന്ന റെക്കോർഡിലേക്ക് കുറച്ച് കൂടി അടുത്തിരിക്കുകയാണ് സ്പാനിഷ് സൂപ്പർതാരം. 3 മത്സരങ്ങൾക്കപ്പുറം ലോകറെക്കോർഡാണ് നദാലിനെ കാത്തിരിക്കുന്നത്.
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ 14 തവണ ക്വാർട്ടർഫൈനലിലെത്തുന്ന താരമായും നദാൽ റെക്കോർഡിട്ടു. 15 തവണ ക്വാർട്ടറിലെത്തിയ സ്വിസ് താരം റോജർ ഫെഡറർ മാത്രമാണ് നദാലിന് മുൻപിലുള്ളത്. ഇന്നലത്തെ വിജയത്തോട് കൂടി 45 ഗ്രാൻഡ്സ്ലാം ക്വാർട്ടർ ഫൈനൽ മത്സരങ്ങളാണ് നദാലിന്റെ പേരിലേക്കെത്തുന്നത്. ഈ ലിസ്റ്റിൽ 58 ക്വാർട്ടർ ഫൈനൽ കളിച്ച ഫെഡററും 51 ക്വാർട്ടറുകൾ കളിച്ച സെർബിയൻ താരം നൊവാക് ജോക്കോവിച്ചും മാത്രമാണ് 35 കാരനായ നദാലിന് മുന്പിലുള്ളത്.
Read More: മിന്നൽ മുരളിയുടെ കള്ളത്തരം പൊളിച്ച് അജു വർഗീസ്- രസകരമായ വിഡിയോ
പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങളുള്ള താരങ്ങളാണ് നദാലും ഫെഡററും ജോക്കോവിച്ചും. 20 കിരീടങ്ങൾ വീതമുള്ള താരങ്ങളിൽ നദാൽ മാത്രമാണ് ഓസ്ട്രേലിയൻ ഓപ്പൺ കളിക്കുന്നത്. ടൂർണമെന്റിൽ വിജയിച്ചാൽ 21 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടുന്ന ആദ്യ ടെന്നീസ് താരമെന്ന ചരിത്രനേട്ടമാണ് നദാലിനെ കാത്തിരിക്കുന്നത്.
നേരത്ത വാക്സിനേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഓസ്ട്രേലിയൻ സർക്കാർ ജോക്കോവിച്ചിനെ ടൂർണമെന്റിൽ നിന്ന് വിലക്കിയിരുന്നു. പരുക്ക് കാരണമാണ് ഫെഡറർക്ക് ടൂർണമെന്റ് നഷ്ടമായത്.
Story Highlights: Nadal near world record