അടുത്ത നായകനാര്; ബിസിസിഐ നേരിടുന്ന വെല്ലുവിളി

January 18, 2022

ടെസ്റ്റ് നായകപദവിയിൽ നിന്നുള്ള കോഹ്‌ലിയുടെ അപ്രതീക്ഷിതമായ വിടവാങ്ങലോട് കൂടി അടുത്ത ക്യാപ്റ്റനാരെന്ന ചർച്ചക്ക് ചൂടുപിടിച്ചിരിക്കുകയാണ്. പല സീനിയർ താരങ്ങളും പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും അപ്രതീക്ഷിതമായ തീരുമാനങ്ങൾക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല, പ്രത്യേകിച്ച് സുനിൽ ഗവാസ്കർ അടക്കമുള്ള വെറ്ററൻ താരങ്ങൾ അവരുടെ അഭിപ്രായങ്ങൾ പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ. ടി-20യിലും ഏകദിനത്തിലും രോഹിത് ശർമയെ നായകനായി തീരുമാനിച്ചിട്ടുണ്ടെങ്കിലും കോഹ്‌ലിയുടെ പരിചയസമ്പത്തും നായകമികവുമുള്ള ഒരാളെ കണ്ടെത്തുകയെന്നത് ബിസിസിഐക്കു വലിയ വെല്ലുവിളിയാണ്.

നായകനായുള്ള മികവും ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനവും രോഹിത് ശർമയ്ക്ക് അനുകൂലമായി തീരുമാനമെടുക്കാൻ സെലക്ടർമാർക്ക് പ്രചോദനമാവും. എങ്കിലും കൊഹ്‍ലിയെക്കാൾ ഒരു വയസ്സ് കൂടുതലുള്ള രോഹിത്തിനെ ഒരു ദീർഘകാല ക്യാപ്റ്റനെന്ന നിലയിൽ എങ്ങനെ പരിഗണിക്കുമെന്ന ആശങ്കയും സെലക്ടർമാർക്കുണ്ടാവും.

ദീർഘകാല ക്യാപ്റ്റനെന്ന ചോദ്യമാണ് കൂടുതൽ പരിഗണിക്കപ്പെടുന്നതെങ്കിൽ പരിചയസമ്പത്തും പ്രായത്തിൽ താരതമ്യേന ചെറുപ്പവുമായ കെ എൽ രാഹുലിന് നറുക്ക് വീഴാനുള്ള സാധ്യതയേറെയാണ്. കോഹ്‌ലിയുടെ അഭാവത്തിൽ പലപ്പോഴും ടീമിനെ നയിച്ചിട്ടുള്ള രാഹുലിന്റെ കഴിവിൽ സെലക്ടർമാർക്ക് സംശയമുണ്ടാവാൻ വഴിയില്ല.

Read More: ‘അച്ചമില്ലൈ’ ഗാനത്തിന്റെ നൃത്ത പരിശീലനം-വിഡിയോ പങ്കുവെച്ച് ദുൽഖർ സൽമാൻ

അപ്രതീക്ഷിതമായ തീരുമാനങ്ങൾക്കും ഈയവസരത്തിൽ സാധ്യതയുണ്ട്. വളരെ ചെറുപ്പമായ ഒരു നായകനാണ് സെലക്ടർമാർ കൂടുതൽ പ്രാധാന്യം കൊടുക്കുന്നതെങ്കിൽ ക്യാപ്റ്റൻ ആവാൻ സന്നദ്ധത കൂടി പ്രകടിപ്പിച്ചിട്ടുള്ള ജസ്പ്രീത് ബുംമ്രയെയും തിരഞ്ഞെടുക്കാനുള്ള സാധ്യതയുണ്ട്. ഋഷഭ് പന്താണ് ഈ ഘട്ടത്തിൽ സാധ്യത കല്പിക്കപെടുന്ന മറ്റൊരു താരം. പരിചയസമ്പത്ത് കുറവാണെങ്കിലും ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ നയിച്ച് മികവ് തെളിയിച്ചിട്ടുണ്ട് പന്ത്. സുനിൽ ഗവാസ്കറിന്റെ പിന്തുണയും പന്തിനാണ്.

വരാനിരിക്കുന്ന വർഷങ്ങളിൽ ഇന്ത്യൻ ടീമിനെ നയിക്കേണ്ട നായകനെ കണ്ടെത്തേണ്ടത് ബിസിസിഐക്കു മുൻപിലുള്ള ഒരു വലിയ വെല്ലുവിളി തന്നെയാണ്.

Story Highlights: Next test captain of India