‘ജയിച്ചാലും തോറ്റാലും സെഞ്ചുറിയടിച്ചാലും ഒരേ ഭാവം, അദ്ദേഹത്തെ പോലെ മറ്റൊരാളെ കണ്ടിട്ടില്ല’; ധോണിയെ പുകഴ്ത്തി രവി ശാസ്ത്രി
സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ പോലും ക്രിക്കറ്റ് ഗ്രൗണ്ടിൽ സമചിത്തതയോടെ നിന്ന് ടീമിനെ നയിക്കുന്ന നായകനായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി. ഈ സവിശേഷത തന്നെയാണ് ‘കൂൾ ക്യാപ്റ്റൻ’ എന്ന പേര് അദ്ദേഹത്തിന് നൽകിയത്. കളിയുടെ ഏറ്റവും പിരിമുറുക്കമുള്ള ഘട്ടങ്ങളിൽ പോലും അപ്രതീക്ഷിത തീരുമാനങ്ങൾ നടപ്പാക്കി വിജയിപ്പിക്കുന്നത് ധോണി ടീമിന്റെ നായകനായിരുന്ന സമയത്തെ സ്ഥിരം കാഴ്ചയായിരുന്നു. എതിരാളികൾ പോലും കളിക്കളത്തിലെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ പ്രശംസിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിന്റെ മുൻ പരിശീലകൻ രവി ശാസ്ത്രിയാണ് ധോണിയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത്.
മഹേന്ദ്രസിങ് ധോണി ദേഷ്യപ്പെടുന്നത് താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും ഗ്രൗണ്ടിൽ എല്ലായ്പോഴും അദ്ദേഹത്തിന് ഒരേ ഭാവമായിരിക്കുമെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. ലോകകപ്പ് നേടിയാലും പൂജ്യത്തിന് പുറത്തായാലും സെഞ്ചുറിയടിച്ചാലും ധോണിക്ക് ഭാവവ്യത്യാസമുണ്ടാവാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ കയ്യിൽ ധോണിയുടെ നമ്പറില്ലെന്നും എത്ര കാലം വേണമെങ്കിലും ഫോൺ ഉപേക്ഷിക്കാൻ കഴിയുന്ന ആളാണ് ധോണിയെന്നും ശാസ്ത്രി തുറന്ന് പറഞ്ഞു.
Read More: മിന്നൽ ഷിബുവിനെ തേടി എത്തിയ ഉഷ- സ്റ്റാർ മാജിക്കിൽ ചിരിയുടെ മിന്നലാട്ടം പകർന്ന നിമിഷം
“മഹേന്ദ്രസിങ് ധോണി ദേഷ്യപ്പെടുന്നത് ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല. പൂജ്യത്തിന് പുറത്തായാലും ലോകകപ്പ് ജയിച്ചാലും സെഞ്ചുറിയടിച്ചാലും ധോണിക്ക് ഒരേ ഭാവമായിരിക്കും. നിരവധി താരങ്ങളെ എനിക്ക് അടുത്തറിയാം. പൊതുവേ ശാന്തപ്രകൃതക്കാരനായ സച്ചിൻ പോലും ഇടയ്ക്ക് കോപിക്കാറുണ്ട്. എന്നാൽ ധോണി തികച്ചും വ്യത്യസ്തനാണ്. എപ്പോഴും ഫോൺ കയ്യിൽ കൊണ്ടുനടക്കുന്നയാളല്ല ധോണി. എത്രകാലം വേണമെങ്കിലും ഫോൺ ഉപേക്ഷിക്കാനാവുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തെ പെട്ടെന്ന് ബന്ധപ്പെടേണ്ടി വന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് നന്നായറിയാം” – മുൻ പാക്ക് താരം ഷുഐബ് അക്തറിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രവി ശാസ്ത്രി പറഞ്ഞു.
Story Highlights: Ravi Shastri about Dhoni