വീണ്ടും ലെവൻഡോസ്കി ‘ഫിഫ ദി ബെസ്റ്’; മെസ്സിയെക്കാൾ ഇരട്ടി വോട്ടുകൾ
ഫിഫ ദ് ബെസ്ഡ് 2021 പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട് റോബർട്ട് ലെവെൻഡോസ്കി. ലയണൽ മെസ്സിയെക്കാൾ ഇരട്ടിയിലധികം വോട്ട് നേടിയാണ് പോളണ്ടുകാരനായ ലെവെൻഡോസ്കി തുടർച്ചയായ രണ്ടാം വർഷവും അവാർഡിനർഹനായത്. തിങ്കളാഴ്ച്ച രാത്രിയിൽ നടന്ന ചടങ്ങിൽ ലെവെൻഡോസ്കിയെ വിജയിയായി പ്രഖ്യാപിച്ചതോട് കൂടി 2 അവാർഡുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരം.
കഴിഞ്ഞ 2 വർഷമായി സമാനതകളില്ലാത്ത പ്രകടനവുമായി ലെവൻഡോസ്കി തന്നെയായിരുന്നു ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ. ബയേൺ മ്യൂണിക്കിനായും പോളണ്ട് ദേശീയ ടീമിനായും 2021-ൽ മാത്രം 69 ഗോളുകളാണ് അദ്ദേഹം നേടിയത്. ജർമൻ ബുണ്ടസ്ലീഗിൽ ഒരു വര്ഷം 41 ഗോളുകൾ നേടി ഇതിഹാസ കളിക്കാരനായ ജെർഡ് മുള്ളറുടെ റെക്കോർഡും കഴിഞ്ഞ സീസണിൽ ലെവൻഡോസ്കി തകർത്തിരുന്നു.
പി എസ് ജി താരം മെസ്സിയും ലിവർപൂൾ താരം മുഹമ്മദ് സലായുമാണ് ടോപ് 3 യിൽ ഉണ്ടായിരുന്ന മറ്റ് താരങ്ങൾ. ലെവെൻഡോസ്കിക്ക് 82 വോട്ടുകൾ ലഭിച്ചപ്പോൾ മെസ്സിക്ക് 39 വോട്ടുകൾ ആണ് ലഭിച്ചത്.
Read More: ഡ്രൈവിങ് ലൈസൻസ് ഇനി ഹിന്ദിയിൽ; നായകനായി അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും
ബാർസിലോണ സൂപ്പർതാരം അലെക്സിയ പുറ്റലസ് ആണ് സ്ത്രീകളുടെ ക്യാറ്റഗറിയിൽ അവാർഡിനർഹയായത്. നേരത്ത ‘ബാലൺ ഡി ഓർ’ പുരസ്കാരവും അലെക്സിയ നേടിയിരുന്നു. ചെൽസിക്ക് 2021 യുവേഫാ ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ചെൽസി മാനേജർ തോമസ് ടൂഹൽ മികച്ച മാനേജർ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ചെൽസിയുടെ സെനെഗലുകാരനായ ഗോൾ കീപ്പർ എഡ്വേർഡ് മെൻഡി മികച്ച ഗോൾ കീപ്പർ ആയി.
Story Highlights: Robert Lewandowski won Fifa The Best 2021 Award