ഐസിസിയുടെ ടെസ്റ്റ് ടീമിൽ രോഹിത്തും പന്തും അശ്വിനും; ഏകദിനടീമിൽ ഇന്ത്യൻ താരങ്ങളില്ല
ഐസിസിയുടെ ഈ വർഷത്തെ ടെസ്റ്റ് ടീം സ്ക്വാഡിലിടം നേടി ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മ, ഋഷഭ് പന്ത്, ആർ അശ്വിൻ എന്നിവർ. രോഹിത് ഓപ്പണറായും പന്ത് വിക്കറ്റ് കീപ്പറായും അശ്വിൻ ഒരേയൊരു സ്പെഷ്യലിസ്റ് സ്പിന്നറായുമാണ് ടീമിൽ സ്ഥാനം പിടിച്ചത്.
കഴിഞ്ഞ വർഷം 2 സെഞ്ചുറിയുൾപ്പടെ രോഹിത് 906 റൺസ് നേടിയപ്പോൾ 748 റൺസാണ് പന്തിന്റെ സംഭാവന. വിക്കറ്റിന്റെ പുറകിൽ നിന്ന് 39 പേരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. 9 ടെസ്റ്റുകളിലായി 54 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്. ഇംഗ്ലണ്ടിനെതിരെ ചെന്നൈയിൽ നേടിയ സെഞ്ചുറിയുൾപ്പടെ 355 റൺസും അശ്വിൻ കഴിഞ്ഞ വർഷം അടിച്ചുകൂട്ടിയിട്ടുണ്ട്.
2021-ൽ 14 ടെസ്റ്റുകൾ കളിച്ച ഇന്ത്യൻ ടീം അതിൽ 8 എണ്ണത്തിലും വിജയിച്ചിരുന്നു. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ന്യൂസിലൻഡിനോടുൾപ്പടെ 3 ടെസ്റ്റുകളിൽ മാത്രമാണ് ഇന്ത്യൻ ടീം തോൽവിയറിഞ്ഞത്.
Read More: ‘ശാരു ഇൻ ടൗൺ’; ചിരി നിറച്ച് ‘സൂപ്പർ ശരണ്യ’യിലെ ഗാനം
ഇന്ത്യൻ താരങ്ങൾക്കൊപ്പം ശ്രീലങ്കൻ താരമായ ദിമുത് കരുണരത്നെ, ഓസ്ട്രേലിയൻ താരമായ മാർനസ് ലാബുഷാനെ, ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, ന്യൂസിലൻഡ് താരം കൈൽ ജാമിസൺ, പാകിസ്താനി താരങ്ങളായ ഫവാദ് ആലം, ഹസൻ അലി, ഷഹീൻ അഫ്രീദി എന്നിവരും ടീമിലുണ്ട്.
അതേസമയം ടി-20, ഏകദിന ടീമുകളിലെ ഇന്ത്യൻ താരങ്ങളുടെ അസാന്നിധ്യം ശ്രദ്ധേയമായി. ഒരു ഇന്ത്യൻ താരത്തിന് പോലും ടീമുകളിൽ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞില്ല.
Story Highlights: Rohith, Ashwin, Pant in ICC Test Team of the Year