‘സബാഷ് മിട്ടു’ ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ കൂടി കഥയെന്ന് മിതാലി രാജ്; തപ്‌സി പന്നു അഭിനയിച്ച ബയോപിക് ഫെബ്രുവരി 4 ന്

January 17, 2022

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബയോപിക് സിനിമ ‘സബാഷ് മിട്ടു’ ഫെബ്രുവരി 4 ന് റിലീസിന് ഒരുങ്ങുന്നു. ലോകത്തെ തന്നെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ്റർമാരിലൊരാളായ മിതാലിയുടെ ബായോപിക്കിനായുള്ള ആരാധകരുടെയും സിനിമപ്രേമികളുടെയും കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ഇപ്പോൾ റിലീസ് പ്രഖ്യാപനം വന്നിരിക്കുന്നത്. തൻറെ ബയോപിക് ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ കൂടി കഥയായിരിക്കുമെന്നാണ് മിതാലി പറയുന്നത്.

“90 കളിൽ ക്രിക്കറ്ററാവണമെന്ന് ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിക്ക് മുൻപിൽ ഒരുപാട് കടമ്പകൾ ഉണ്ടായിരുന്നു. അവിടം തൊട്ട് ഇവിടെ വരെയുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പരിണാമം പ്രശംസനീയമാണ്. 2017 ലോകകപ്പ് ഒരുപാട് പെൺകുട്ടികൾക്ക് ക്രിക്കറ്ററാവാനുള്ള പ്രചോദനമായിട്ടുണ്ട്. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ചരിത്രം എല്ലാവരും അറിയണമെന്നുണ്ടായിരുന്നു.” എന്ത് കൊണ്ടാണ് ബയോപിക്കിന് അനുമതി നൽകിയത് എന്ന ചോദ്യത്തിനായിരുന്നു മിതാലിയുടെ പ്രതികരണം.

ചിത്രത്തിനായി തപ്‌സി പന്നു ഒരുപാട് കഠിനാധ്വാനം നടത്തിയിട്ടുണ്ടെന്നും തന്നെയും തന്റെ ചുറ്റുപാടിനെയും വളരെ ശ്രദ്ധയോടെ പഠിച്ചാണ് തപ്‌സി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതെന്നും മിതാലി കൂട്ടിച്ചേർത്തു.

Read More: സൂക്ഷിച്ച് നോക്കൂ; ആകാശത്തെ അപൂർവ കാഴ്ച കാമറയിൽ പകർത്തി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ

ന്യൂസിലൻഡിൽ നടക്കുന്ന ലോകകപ്പിനായുള്ള ഒരുക്കത്തിലാണ് മിതാലി. 1999-ൽ ക്രിക്കറ്റിലേക്കെത്തിയ മിതാലിയുടെ അവസാനത്തെ ലോകകപ്പായിരിക്കുമിത്. അത്കൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് ക്യാപ്റ്റനെന്ന നിലയിലും പ്ലേയറെന്ന നിലയിലും മിതാലിയുടെ ചുമലിലുള്ളത്. 2017 ലോകകപ്പിൽ ഫൈനലിലെത്തിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു മിതാലി.

Story Highlights: ‘Shabash Mithu’ release on 4th February