സാനിയ മിർസ വിരമിക്കുന്നു; കരിയറിലെ സുവർണനിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ഓർത്തെടുത്ത് ആരാധകർ
ലോകടെന്നീസിലെ ഇന്ത്യൻ സൂപ്പർതാരം സാനിയ മിർസ വിരമിക്കലിനൊരുങ്ങുന്നു. 2022 തന്റെ അവസാനത്തെ സീസണായിരിക്കുമെന്ന് സാനിയ മിർസ പറഞ്ഞു.
പരുക്കുകൾ ഭേദമാവാൻ കൂടുതൽ സമയമെടുക്കുന്നതാണ് തന്റെ തീരുമാനത്തിന് പിന്നിലുള്ള പ്രധാന കാരണമായി സാനിയ ചൂണ്ടിക്കാണിക്കുന്നത്. ടെന്നീസിനോടുണ്ടായിരുന്ന ആവേശം കുറയുന്നതും തന്നെ ഈ തീരുമാനത്തിലെത്തിച്ചുവെന്നും സാനിയ കൂട്ടിച്ചേർത്തു.
“ലളിതമായൊരു തീരുമാനമായിരുന്നില്ല ഇത്. ചില കാരണങ്ങൾ അതിന് പുറകിലുണ്ട്. പരുക്കുകളിൽ നിന്ന് പുറത്തുവരാൻ ഇപ്പോൾ കൂടുതൽ സമയമെടുക്കുന്നു. പരുക്കുകൾ വലിയ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. അത് മാത്രമാണ് ഇന്നത്തെ കളിയുടെ തോൽവിക്ക് കാരണമെന്ന് പറയാൻ കഴിയില്ലെങ്കിലും പ്രായം കൂടുന്തോറും അത്തരം പരുക്കുകളിൽ നിന്ന് പുറത്ത് വരാൻ കൂടുതൽ ബുദ്ധിമുട്ട് തോന്നുന്നു. കളിയോടുള്ള ആവേശവും പതിയെ കുറഞ്ഞുവരുന്നത് പോലെ തോന്നുന്നു. പഴയ പോലെ ഉത്സാഹത്തോടെ മത്സരങ്ങൾക്ക് വേണ്ടിയൊരുങ്ങാൻ കഴിയുന്നില്ല.” ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിലെ ആദ്യ റൗണ്ട് തോൽവിക്ക് ശേഷം സാനിയ പറഞ്ഞു. ഈ സമയത്തെ തുടർച്ചയായ യാത്രകൾ 3 വയസ്സ്കാരനായ തന്റെ മകനും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്നും ഇതും തന്നെ ഈ തീരുമാനത്തിലേക്കെത്തിച്ചെന്നും സാനിയ എടുത്ത് പറഞ്ഞു.
Read More: ചാർലിയ്ക്ക് ശേഷം വീണ്ടും കള്ളൻ വേഷത്തിൽ സൗബിൻ സാഹിർ; ശ്രദ്ധനേടി ‘കള്ളൻ ഡിസൂസ’യിലെ വിഡിയോ ഗാനം
എങ്കിലും ഈ സീസൺ ഏറ്റവും ആവേശത്തോടെ തന്നെയാണ് താൻ കാണുന്നതെന്നും സാനിയ കൂട്ടിച്ചേർത്തു. മകന്റെ ജനനത്തിന് ശേഷം ഒരുപാട് കഷ്ടപ്പെട്ടാണ് താൻ തിരിച്ചു ടെന്നസിലേക്കെത്തിയതെന്നും ഒരുപാട് അമ്മമാർക്ക് അവരുടെ സ്വപ്നങ്ങൾ പിന്തുടരാനുള്ള പ്രചോദനമായി താൻ മാറിയതിൽ അഭിമാനമുണ്ടെന്നും സാനിയ പറഞ്ഞു.
അതേസമയം വലിയ രീതിയിൽ സാനിയക്ക് ആശംസകളർപ്പിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയ ഈ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. സാനിയയുടെ കരിയറിലെ മികച്ച നിമിഷങ്ങൾ പങ്ക് വെച്ചുകൊണ്ടാണ് ആരാധകർ ഈ വാർത്ത ഏറ്റെടുത്തത്.
Story Highlights: Social Media reacts to Sania Mirza’s retirement