അരങ്ങേറ്റ ഐപിഎലിൽ ‘സൂപ്പർ’ പേരുമായി ലഖ്നൗ ടീം; കണ്ടെത്തൽ ആരാധകർ നിർദേശിച്ച പേരുകളിൽ നിന്ന്
മാർച്ച് അവസാനത്തോടെ ഈ വർഷത്തെ ഐപിഎൽ തുടങ്ങാനിരിക്കെ പേര് പ്രഖ്യാപിച്ച് പുതിയതായി ടൂർണമെന്റിലെത്തിയ ലഖ്നൗ ടീം. ആരാധകർ നിർദേശിച്ച പേരുകളിൽ നിന്നാണ് ‘ലഖ്നൗ സൂപ്പര്‍ ജയന്റ്സ്’ എന്ന പേര് കണ്ടെത്തിയതെന്ന് ലഖ്നൗ ടീമിന്റെ ഉടമയായ ആര്.പി.എസ്.ജി ഗ്രൂപ്പ് തലവന്‍ സഞ്ജീവ് ഗോയങ്ക അറിയിച്ചു.
നേരത്തെ ടീമിന് പേര് നിർദേശിക്കാൻ ആര്.പി.എസ്.ജി ഗ്രൂപ്പ് ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു. ലക്ഷകണക്കിന് ആരാധകരാണ് പേരുമായി എത്തിയത്. ഇതിൽ നിന്നാണ് ടീമിന്റെ പേര് കണ്ടെത്തിയതെന്ന് സഞ്ജീവ് ഗോയങ്ക ട്വിറ്ററിലൂടെ അറിയിച്ചു.
“ലക്ഷക്കണക്കിന് ആരാധകര്‍ പേര് നിര്‍ദേശിച്ചു. എല്ലാവര്ക്കും ഒരുപാട് നന്ദി. നിങ്ങള്‍ നല്കിയ നിര്‍ദേശങ്ങളില്‍ നിന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്ന പേര് ഞങ്ങൾ തിരഞ്ഞെടുക്കുന്നു. നിങ്ങള്‍ നല്കിയ പിന്തുണ ഇനിയും തുടരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.” സഞ്ജീവ് ഗോയങ്ക ട്വീറ്റ് ചെയ്തു.
Read More: ഇനി മുതൽ ടാറ്റ ഐപിഎൽ: അടുത്ത 2 വർഷം ഐപിഎൽ ടൈറ്റിൽ സ്പോൺസറായി ടാറ്റ ഗ്രൂപ്പ്
സഞ്ജീവ് ഗോയങ്കയുടെ ആർ.പി.എസ്.ജി ഗ്രൂപ്പ് 7090 കോടിക്കായിരുന്നു ടീമിനെ സ്വന്തമാക്കിയത്. ലേലത്തിന് മുമ്പ് താരങ്ങളെ തെരഞ്ഞെടുക്കാനുള്ള അവസരത്തിൽ ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുലിനെ 17 കോടിക്ക് ടീം സ്വന്തമാക്കിയിരുന്നു. രാഹുലായിരിക്കും ടീമിന്റെ ക്യാപ്റ്റൻ. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രതിഫലമാണിത്. രാഹുലിനെക്കൂടാതെ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ്, സ്പിന്നര്‍ രവി ബിഷ്ണോയ് എന്നിവരെയും ജയന്റ്സ് ടീമിലെത്തിച്ചിട്ടുണ്ട്.
ഫെബ്രുവരി 12, 13 തീയ്യതികളിലായി ബെംഗളൂരുവില്‍ വെച്ചാണ് താരലേലം നടക്കുക. പത്തുടീമുകളാണ് ഇത്തവണ താരലേലത്തില്‍ പങ്കെടുക്കുന്നത്. 90 കോടി രൂപയാണ് ഒരു ഐപിഎൽ ടീമിന് ലേലത്തിൽ ചിലവാക്കാൻ കഴിയുന്നത്. പുതിയ ഫ്രാഞ്ചൈസികൾക്കും അത്രയും തന്നെ തുകയനുവദിച്ചിട്ടുണ്ട്.
Story Highlights: Lucknow names their team ‘Lucknow Super Giants’