വിരാട് കോഹ്‌ലിയെ പിന്തുണച്ച് ഷെയിൻ വോൺ; ഇനിയാണ് കോഹ്‌ലിയുടെ കളി തുടങ്ങാൻ പോകുന്നതെന്ന് ഇതിഹാസ താരം

January 26, 2022

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ വിരാട് കോഹ്ലി ദേശീയ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. തന്റെ തീരുമാനത്തിന്റെ കാരണങ്ങൾ കോഹ്ലി അറിയിച്ചിരുന്നില്ലെങ്കിലും ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിന് വേണ്ടിയാവാം അദ്ദേഹം ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്ന് കരുതുന്നവരാണ് കൂടുതലും. ഇപ്പോൾ ഇതിഹാസ താരം ഷെയിൻ വോണാണ് കോഹ്‌ലിയുടെ തീരുമാനത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ താനാണെന്ന് ഇനി കോഹ്ലി തെളിയിക്കുമെന്നാണ് വോൺ അഭിപ്രായപ്പെടുന്നത്.

“കോഹ്ലി നായകസ്ഥാനം രാജിവച്ചത് എല്ലാവരേയും പോലെ എന്നെയും ഞെട്ടിച്ചു. അദ്ദേഹം ഇന്ത്യയെ മികച്ച രീതിയില്‍ നയിച്ചു. കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയില്‍ കളിക്കുന്നത് എളുപ്പമുള്ള ഒന്നല്ല. ഇത്രയും കാലം ഇന്ത്യയെ നയിക്കുകയും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയും ചെയ്തത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. ഇപ്പോള്‍ ബാറ്ററെന്ന നിലയില്‍ മികവ് തെളിയിക്കാനുള്ള അവസരമാണ് കോഹ്‌ലിക്ക് കൈവന്നിരിക്കുന്നത്. മറ്റൊരാള്‍ നായകസ്ഥാനത്ത് എത്തുമ്പോള്‍ കോഹ്ലിക്ക് ജോലിഭാരം കുറയും. ലോകത്തിലെ മികച്ച ബാറ്ററെന്ന നിലയിലേക്ക് അദ്ദേഹം തിരിച്ചെത്തും” – ഷെയിൻ വോൺ ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

Read More: നായകനെന്ന നിലയിൽ കഴിവിൽ വിശ്വാസമുണ്ടെന്ന് കെ എൽ രാഹുൽ; മികച്ച ടീമിനെ വാർത്തെടുക്കാൻ തയ്യാറെടുത്ത് ഇന്ത്യൻ ക്യാപ്റ്റൻ

നായകനായി ഏറെ നേട്ടങ്ങൾ കോഹ്ലി ഇന്ത്യൻ ടീമിനൊപ്പം കൊയ്തിരുന്നെങ്കിലും തന്റെ ബാറ്റിങ്ങിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി അദ്ദേഹം വിമർശനങ്ങൾക്ക് വിധേയനായിരുന്നു. നായകസ്ഥാനത്തിന്റെ സമ്മർദ്ദം കോഹ്‌ലിയുടെ ബാറ്റിങ്ങിനെ ബാധിച്ചിട്ടുണ്ടെന്നായിരുന്നു നിരവധി ക്രിക്കറ്റ് വിദഗ്ദ്ധർ നിരീക്ഷിച്ചത്.

ട്വിറ്റെർ, ഇൻസ്റ്റാഗ്രാം ഹാൻഡിലുകളിലൂടെയാണ് കോഹ്ലി അപ്രതീക്ഷിതമായി ആരാധകരെ വിരമിക്കാനുള്ള തന്റെ തീരുമാനം അറിയിച്ചത്. സൗത്ത് ആഫ്രിക്കയുമായി നടന്ന ടെസ്റ്റ് സീരീസ് ഇന്ത്യ 2-1 ന് പരാജയപ്പെട്ടതിന് ശേഷമാണ് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്.

Story Highlights: Shane Warne hopes Kohli will become the best batsman in the world