‘അവസാനം ഞാനത് കണ്ടു, എനിക്ക് പറയാൻ വാക്കുകളില്ല’- ഹൃദയംതൊട്ട സഹോദരന്റെ സിനിമയെക്കുറിച്ച് വിസ്മയ മോഹൻലാൽ
പ്രണവ് മോഹൻലാൽ ആണ് ഇപ്പോൾ സിനിമാലോകത്തെ ചർച്ചാവിഷയം. റൊമാന്റിക് ഡ്രാമയായ ഹൃദയം റിലീസ് ചെയ്തത് മുതൽ പ്രണവിന്റെ വളർച്ചയും മറ്റുതാരങ്ങളുടെ അഭിനയവുമെല്ലാം ആളുകൾ വിലയിരുത്തുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മലയാള ചിത്രങ്ങളിലൊന്നായ ഹൃദയം കാത്തിരിപ്പിനൊടുവിൽ ജനുവരിയിലാണ് റിലീസ് ചെയ്തത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം അഭിനന്ദനങ്ങൾ നേടി മുന്നേറുമ്പോൾ സഹോദരന്റെ സിനിമ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് വിസ്മയ മോഹൻലാൽ.
‘അവസാനം ചിത്രം കണ്ടു, എനിക്ക് വാക്കുകളില്ല. എന്തൊരു യാത്ര. വളരെ മനോഹരം. എല്ലാവരും വളരെയധികം ഹൃദയം നൽകി നിർമ്മിച്ചതാണെന്ന് അത് കാണിക്കുന്നു. എല്ലാവരോടും അഭിമാനം തോന്നുന്നു’- ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വിസ്മയ കുറിക്കുന്നു.
അതേസമയം, തിയേറ്ററിന് പുറമെ ഡിസ്നി+ഹോട്‌സ്റ്റാറിൽ ഹൃദയം റിലീസിന് ഒരുങ്ങുകയാണ്. പ്രണവ് മോഹൻലാലിനൊപ്പം ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ, വിജയരാഘവൻ, ജോണി ആന്റണി, അജു വർഗീസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയും ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടുകയും ചെയ്തു. റിലീസായ ആദ്യ ആഴ്ചയിൽ ചിത്രം 16.65 കോടി നേടിയെന്നാണ് റിപ്പോർട്ട്.
പ്രണവ് അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠനെ എഞ്ചിനീയറിംഗ് കോളേജിലെ നാല് വർഷത്തെ ജീവിതത്തിനിടയിലെയും 30 വയസ്സ് തികയുന്നതുവരെയും പിന്തുടരുന്ന ജീവിതത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. കോളേജ് ഓർമ്മകൾ, ജീവിതത്തിലെ വൈകാരിക ഉയർച്ച താഴ്ചകൾ, പ്രണയം, കരിയർ, കുടുംബം എന്നിവയുമെല്ലാം ചിത്രം പങ്കുവയ്ക്കുന്നു.
Story highlights- vismaya mohanlal about hridayam movie