റോയലായി മലയാളി ത്രയം; രാജസ്ഥാൻ റോയൽസിൽ ഇത്തവണ 3 മലയാളി താരങ്ങൾ

February 14, 2022

ഐപിഎൽ മെഗാ താരലേലം അവസാനിക്കുമ്പോൾ ഇത്തവണ രാജസ്ഥാൻ ടീമിൽ 3 മലയാളികൾ. ക്യാപ്റ്റനായ സഞ്ജു സംസണൊപ്പം മികച്ച ബാറ്റ്സ്മാൻമാരായി പേരെടുത്തിട്ടുള്ള ദേവ്ദത്ത് പടിക്കലിനെയും കരുൺ നായരെയും രാജസ്ഥാൻ ടീമിലെത്തിച്ചിട്ടുണ്ട്. ബാറ്റിങ് മികവിനു പേരുകേട്ട മലയാളി താരങ്ങൾ ഒന്നിച്ചതോടെ രാജസ്ഥാൻ റോയൽസ് ആരാധകരും ആവേശത്തിലാണ്.

മുൻ സീസണുകളിൽ വിരാട് കോലിക്കൊപ്പം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ ഇന്നിങ്സ് ഓപ്പൺ ചെയ്തിരുന്ന ദേവ്ദത്ത് പടിക്കലിനെ ഇക്കുറി 7.75 കോടി രൂപയ്ക്കാണ് രാജസ്ഥാൻ ടീമിലെത്തിച്ചത്. മറ്റൊരു മലയാളി താരമായ കരുൺ നായരും ഇക്കുറി രാജസ്ഥാന്റെ ഭാഗമാണ്. ക്യാപ്റ്റൻ സഞ്ജു സാംസണൊപ്പം ഇവർ കൂടി ഒന്നിക്കുന്നതോടെ രാജസ്ഥാൻ റോയൽസിന്റെ മലയാളി ആരാധകരിലും വർ‌ധന ഉണ്ടാകുമെന്നുറപ്പാണ്. മലയാളിയായ കരുൺ നായർ 1.4 കോടിക്കാണ് രാജസ്ഥാൻ റോയൽസിലെത്തിയത്. മറ്റൊരു മലയാളി താരം വിഷ്ണു വിനോദിനെ 50 ലക്ഷം രൂപയ്ക്കു ഹൈദരാബാദ് സ്വന്തമാക്കി.

അതേ സമയം ജോസ് ബട്‌ലർ, യശസ്വി ജെയ്സ്വാൾ എന്നീ ഓപ്പണർമാർ നിലവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സാഹചര്യത്തിൽ മറ്റൊരു ഓപ്പണറായ ദേവ്ദത്ത് കൂടി ടീമിലെത്തുമ്പോൾ, ബാറ്റിങ് ഓർഡറിൽ മാനേജ്മെന്റ് എന്തു പരീക്ഷണം നടത്തും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

Read More: പുതിയ റീൽസിന് തയ്യാറെന്ന് ഡേവിഡ് വാർണർ; ഡൽഹിയിലേക്ക് തിരികെ എത്തിയതിൽ സന്തോഷം

നേരത്തെ ഐപിഎൽ മെഗാ ലേലത്തിന്റെ ആദ്യ ദിനത്തിൽ ആരും സ്വന്തമാക്കാതെ ‘അൺസോൾഡ‍്’ ആയ താരങ്ങളിൽ ചിലർക്കു രണ്ടാം ദിനത്തിൽ ആവശ്യക്കാരേറെ ഉണ്ടായത് രസകരമായ കാഴ്ചയായിരുന്നു. ഒന്നാം ദിനത്തിൽ ആരും വാങ്ങാതിരുന്ന ദക്ഷിണാഫ്രിക്കൻ ബാറ്റർ‌ ഡേവിഡ് മില്ലറെ വാശിയേറിയ ലേലത്തിനൊടുവിൽ 3 കോടി രൂപയ്ക്കു ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയപ്പോൾ ഇംഗ്ലണ്ട് പേസർ ക്രിസ് ജോർദാനെ 3.6 കോടിക്ക് ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിച്ചു.

Story Highlights: 3 Kerala players in Rajasthan Royals