പുതിയ റീൽസിന് തയ്യാറെന്ന് ഡേവിഡ് വാർണർ; ഡൽഹിയിലേക്ക് തിരികെ എത്തിയതിൽ സന്തോഷം

February 14, 2022

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ജനപ്രീതിയുള്ള താരമാണ് ഡേവിഡ് വാർണർ. ഐപിഎലിലെ മികച്ച പ്രകടനത്തോടൊപ്പം ഇൻസ്റ്റാഗ്രാമിൽ ഇന്ത്യൻ സിനിമകളെ ആസ്പദമാക്കി ചെയ്യുന്ന റീലുകളും വാർണർക്ക് ഇന്ത്യയിൽ വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐപിഎലിൽ ഹൈദരാബാദിന്റെ താരമായിരുന്ന വാർണർ ഇത്തവണത്തെ ലേലത്തിൽ തിരികെ ഡൽഹിയിൽ എത്തിയിരിക്കുകയാണ്. ഡൽഹി ഫ്രാഞ്ചൈസിയിലേക്ക് ദീർഘകാല ഇടവേളക്ക് ശേഷം തിരികെയെത്തിയ ഡേവിഡ് വാർണർ തന്റെ മടങ്ങിവരവിൽ സന്തോഷം പങ്കുവെച്ചു.

താൻ ആരംഭിച്ച സ്ഥലത്തേക്ക് തന്നെ മടങ്ങുകയാണെന്നും പുതിയ ടീമംഗങ്ങളുമായും കോച്ചിംഗ് സ്റ്റാഫുമായും ഒക്കെ കൂടിക്കാഴ്ച നടത്തുന്നതിൽ സന്തോഷമുണ്ടെന്നും വാർണർ പറഞ്ഞു. ഡൽഹി ക്യാപിറ്റൽസിന്റെ പുതിയതും പഴയതുമായ എല്ലാ ആരാധകരെയും കണ്ടുമുട്ടുന്നതിൽ ആവേശമുണ്ടെന്നും വാർണർ കൂട്ടിച്ചേർത്തു.

“എല്ലാം ആരംഭിച്ച സ്ഥലത്തേക്ക് മടങ്ങുകയാണ്. എന്റെ പുതിയ ടീമംഗങ്ങൾ, ഉടമകൾ, കോച്ചിംഗ് സ്റ്റാഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിൽ സന്തോഷം. ഡെൽഹി ക്യാപിറ്റൽസിന്റെ പുതിയതും പഴയതുമായ എല്ലാ ആരാധകരെയും കണ്ടുമുട്ടുന്നതിൽ ആവേശമുണ്ട്” ഡൽഹി ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയിൽ ചേർന്ന ശേഷം വാർണർ ഇൻസ്റ്റഗ്രാമിൽ എഴുതി. 2009 ലെ തന്റെ കന്നി ഐപിഎൽ സീസണിൽ ഡൽഹി ഡെയർഡെവിൾസിനായായിരുന്നു വാർണർ കളിച്ചിരുന്നത്.

Read More: പ്രണയിതാക്കളായ ഹാംസ്റ്ററുകളെ 30 സെക്കൻഡിനുള്ളിൽ ഒന്നിപ്പിക്കാനാകുമോ? പ്രണയദിനത്തിൽ രസകരമായ ഡൂഡിൽ ഗെയിമുമായി ഗൂഗിൾ

ഡൽഹിയിലേക്ക് എത്തുന്നതോടെ പുതിയ റീൽസിനായുള്ള സജഷൻസ് ആവശ്യമുണ്ടെന്നും വാർണർ പറഞ്ഞു. ഹൈദരാബാദിലായിരിക്കെ തെലുങ്കു സിനിമകൾ ഉൾപ്പെടെയുള്ള റീലുകൾ ചെയ്ത് വാർണർ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു.

Story Highlights: David Warner is back in Delhi