ശകുന്തളയായി സാമന്ത, ശ്രദ്ധനേടി പുരാണകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ

February 21, 2022

സൗത്ത് ഇന്ത്യൻ യുവതാരങ്ങളിൽ ശ്രദ്ധേയയാണ് സാമന്ത. താരത്തിന്റെ സിനിമ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമടക്കം സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ സാമന്തയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ആരാധകർക്കിയിൽ ശ്രദ്ധിക്കപ്പെടുന്നത്. പുരാണ കഥയെ അസ്പദമാക്കി ഒരുങ്ങുന്ന ശാകുന്തളം എന്ന ചിത്രത്തിലാണ് സാമന്ത മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശാകുന്തളയുടെ ഫസ്റ്റ് ലുക്കും സിനിമ പ്രേമികളിൽ ആവേശം സൃഷ്ടിക്കുന്നുണ്ട്.

വമ്പൻ താരനിര ഒന്നിക്കുന്ന ചിത്രത്തിൽ ‘സൂഫിയും സുജാതയും’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന ദേവ് മോഹനും അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ ദുഷ്യന്തനായാണ് താരം വേഷമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരം കേന്ദ്രകഥാപാത്രമാകുന്ന ‘പുള്ളി’ ഉൾപ്പെടെ മറ്റ് ചിത്രങ്ങളും വെള്ളിത്തിരയിൽ ഒരുങ്ങുന്നുണ്ട്.

സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖരനാണ് കാളിദാസന്റെ ശാകുന്തളത്തെ ആസ്‍പദമാക്കി പുതിയ ചിത്രം ഒരുക്കുന്നത്. മുൻപ് അനുഷ്ക ഷെട്ടിയെ നായികയാക്കി ‘രുദ്രാമദേവി’ എന്ന ചിത്രം ഒരുക്കിയതും ഗുണശേഖർ ആയിരുന്നു. ചരിത്രവും പുരാണവുമാണ് ഗുണശേഖർ ചിത്രങ്ങളുടെ പ്രത്യേകത. റാണാ ദഗുബാട്ടിയെ നായകനാക്കി ഹിരണ്യ കശിപു എന്ന ചിത്രവും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് അത് നീണ്ടുപോകുകയായിരുന്നു.

Read also; ദിനോസറുകളുടെ കാലം മുതലുള്ള പ്ലാറ്റിപാസുകൾ, ഭൂമിയിലെ ഏറ്റവും വ്യത്യസ്തമായ ജീവി വംശനാശഭീഷണിയിൽ

അതേസമയം ഷൂട്ടിങ് തിരക്കുകളിലാണ് സാമന്തയിപ്പോൾ. അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത്. വിജയ് സേതുപതിക്കും നയൻതാരയ്ക്കുമൊപ്പം അഭിനയിച്ച കത്തുവാക്കുളൈ രണ്ട് കാതൽ എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന സിനിമ.

അതോടൊപ്പം കഴിഞ്ഞ ദിവസം അവധി ആഷോഷിക്കുന്നതിനായി കേരളത്തിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിരപ്പിള്ളിയിലും മാരാരിക്കുളം ബീച്ചിലും എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ വൈറലായത്. കേരളത്തിന്റെ മനം മയക്കുന്ന കാഴ്ചകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്.

Story highlights: actress samantha movie shaakuntalam first look