‘തല’യുടെ പുതിയ പരീക്ഷണം; ഹിറ്റ് കോംബോ ആവർത്തിക്കാനുറച്ച് സൂപ്പർതാരം അജിത്

February 16, 2022

ഹിറ്റ് ചിത്രങ്ങൾ സമ്മാനിക്കുന്ന നടന്റെയും സംവിധായകന്റെയും കൂട്ടുകെട്ടുകൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും ‘തല’ എന്ന് ആരാധകർ ആവേശത്തോടെ വിളിക്കുന്ന തമിഴ് സൂപ്പർതാരം അജിത്തിന്റെ പുതിയ പരീക്ഷണമാണ് ഇപ്പോൾ സിനിമാലോകത്തെ ചർച്ചാവിഷയം. തുടര്‍ച്ചയായി ഒരേ സംവിധായകന്‍റെ മൂന്ന് സിനിമകളില്‍ അഭിനയിക്കാനൊരുങ്ങുകയാണ് നടന്‍.

അജിത്തിന്റെ അറുപത്തിയൊന്നാം ചിത്രത്തിന്റെ ഫസ്റ്റ് ടീസര്‍ ലുക്ക് നിർമ്മാതാവ് ബോണി കപൂർ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പുറത്തു വിട്ടിരുന്നു. വെള്ള താടിയും, കൂളിംഗ് ഗ്ലാസും വെച്ച അജിത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന മുഖം നെഗറ്റീവ് ഇമേജ് എഫക്ട് നൽകിയാണ് ബോണി കപൂര്‍ പുറത്തുവിട്ടത്. ‘എ.കെ 61 -ന്റെ തയ്യാറടുപ്പ്’ എന്ന തലക്കെട്ടും നൽകിയായിരുന്നു ട്വീറ്റ്. എച്ച്. വിനോദ് തന്നെയാണ് അജിത്തിന്‍റെ അറുപത്തിയൊന്നാമത് ചിത്രം സംവിധാനം ചെയ്യുന്നതെന്ന് അതേ ട്വീറ്റില്‍ ബോണി കപൂര്‍ തന്നെ കമന്‍റ് ചെയ്തു. ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂര്‍ തന്നെയാണ്.

പുതിയ ഒരു പരീക്ഷണത്തിനാണ് അജിത് 2014 മുതൽ തുടക്കമിട്ടിരിക്കുന്നത്. 2014 ൽ പുറത്തിറങ്ങിയ വീരം, അടുത്ത വർഷങ്ങളിലായി റിലീസ് ചെയ്ത വേതാളം, വിവേകം, വിശ്വാസം ഈ ചിത്രങ്ങളുടെയെല്ലാം സംവിധാനം ശിവ ആയിരുന്നു. 2015 ൽ ഇറങ്ങിയ ഗൗതം വാസുദേവ് മേനോന്‍റെ ‘എന്നൈ അറിന്താൽ’ മാത്രമാണ് മറ്റൊരാളുടെ സംവിധാനത്തിൽ പുറത്തിറങ്ങിയത്.

Read More: മെസ്സി പെനാൽറ്റി പാഴാക്കിയിട്ടും പി എസ് ജിക്ക് ഇൻജറി സമയത്ത് വിജയം

ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് പതിപ്പായ ‘നേർകൊണ്ട പാർവയ്’ മുതൽ അജിത്തിന്റെ കൂടെ ഇപ്പോഴുള്ളത് എച്ച്.വിനോദാണ്. അജിത്തിന്റെ ഏറ്റവും പുതിയ റിലീസ് ചിത്രമായ ‘വലിമൈ’ ഫെബ്രുവരി 24-ന് തീയേറ്ററുകളിൽ എത്തും. അടുത്ത സിനിമ കൂടി പ്രഖ്യാപിച്ചതോടെ അജിത് തുടർന്ന് പോരുന്ന പുതിയ പരീക്ഷണത്തെ പറ്റിയുള്ള ചർച്ചകളും സിനിമ പ്രവർത്തകരുടെയും ആരാധകരുടെയും ഇടയിൽ സജീവമാണ്.

Story Highlights: Ajith repeating hit combo