‘ഷൂട്ട് കണ്ട് നിന്നവർ പോലും കരഞ്ഞു കൊണ്ട് കൈയടിച്ച നിമിഷം’- ജോജുവിന്റെ അവിസ്മരണീയ പ്രകടനം
വില്ലനായും ഹാസ്യകഥാപാത്രമായും വെള്ളിത്തിരയിലെത്തി പിന്നീട് നായകനായി പ്രേക്ഷകരെ അതിശയിപ്പിച്ച നടനാണ് മലയാളികളുടെ ജോജു ജോര്‍ജ്. ഒട്ടേറെ പരിശ്രമങ്ങൾക്കൊടുവിലാണ് ജോജു സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്. സിനിമയിൽ എത്തിയിട്ട് 25 വർഷങ്ങൾ പിന്നിട്ടതിന് ശേഷം തന്റേതായ ഇടം കണ്ടെത്തിയ ജോജുവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒട്ടേറെ ചിത്രങ്ങളാണ് ജോജു നായകനായി റിലീസിന് കാത്തിരിക്കുന്നത്.
ഇപ്പോഴിതാ, ജോജു അഭിനയിച്ച ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിലെ ഒരു വൈകാരിക രംഗം പങ്കുവെച്ചിരിക്കുകയാണ് സംവിധായകനായ അഖിൽ മാരാർ. രംഗം ചിത്രീകരിക്കുമ്പോഴുണ്ടായ വൈകാരിക നിമിഷമാണ് സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്.
അഖിൽ മാരാരുടെ കുറിപ്പ്;
ഷൂട്ട് കണ്ട് നിന്നവർ പോലും കരഞ്ഞു കൊണ്ട് കൈയടിച്ച നിമിഷം..കാരവാനിൽ അത് വരെ തമാശ പറഞ്ഞിരുന്ന ഒരാൾ എത്ര പെട്ടെന്നാണ് ഇങ്ങനെ മാറിയതെന്നും ഒറ്റ ടേക്കിൽ ആ സീൻ എങ്ങനെ തീർത്തു എന്നും ഞാൻ പിന്നീട് ഒരു യാത്രയിൽ ജോജു ചേട്ടനോട് ചോദിച്ചു..ചേട്ടൻ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു..എടാ ഒരാൾ താടിയും മുടിയും ഒക്കെ വളർത്തി ഒരു ഭ്രാന്തനെ പോലെ നടക്കണം എങ്കിൽ അയാൾ ജീവിതത്തിൽ എന്തൊക്കെ അനുഭവിച്ചു കാണണംഞാനും ഒരുപാട് അനുഭവിച്ചു വന്നവനല്ലേ ദാ ഒന്ന് കണ്ണടച്ചാൽ മതി എനിക്ക് ഒരു നൂറു വിഷമങ്ങൾ ഒരേ സമയം ഓർക്കാൻ..അത് പറഞ്ഞു കണ്ണടച്ചു തുറന്ന ജോജു ചേട്ടന്റെ കണ്ണ് നിറഞ്ഞു തുളുമ്പി..ശെരിയാണ് ചിലർ ജന്മം കൊണ്ട് അഭിനേതാവ് ആകുന്നു..ചിലരെ പ്രകൃതി അനുഭവങ്ങൾ സമ്മാനിച്ചു അഭിനേതാവാക്കി സൃഷ്ടിക്കുന്നു..ജോജു അങ്ങനൊരു മനുഷ്യൻ ആണ്..അനുഭവങ്ങളുടെ തീച്ചൂളയിൽ സ്രഷ്ടാവം ചെയ്യപ്പെട്ട കാപട്യങ്ങൾ തിരിച്ചറിയാൻ കഴിയാത്ത ഒരു ശുദ്ധൻ അല്ലെങ്കിൽ ജോജു ചേട്ടൻറെ തന്നെ ഭാഷയിൽ പൊട്ടൻ..
നവാഗതനായ അഖില്‍ മാരാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് താത്വിക അവലോകനം. ചിത്രത്തില്‍ ജോജു ജോര്‍ജ്, നിരഞ്ജന് രാജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യോഹാന്‍ ഫിലിംസിന്റെ ബാനറില്‍ ഡോക്ടര്‍ ഗീവര്‍ഗീസ് യോഹന്നാന് നിര്‍മിക്കുന്ന ചിത്രം മാക്സ് ലാബ് ആണ് വിതരണത്തിന് എത്തിക്കുന്നത്.
Story highlights- akhil marar about joju george