വമ്പൻ റെക്കോർഡിനരികെ ചാഹൽ; ബുമ്രയെ മറികടക്കാൻ വേണ്ടത് 3 വിക്കറ്റുകൾ മാത്രം

ഇന്ത്യ-വിന്‍ഡീസ് ടി 20 പരമ്പര ഇന്ന് കൊല്‍ക്കത്തയില്‍ തുടങ്ങാനിരിക്കെ യുസ്‌വേന്ദ്ര ചാഹല്‍ നേടാൻ സാധ്യതയുള്ള റെക്കോർഡാണ് ആരാധകരുടെ പ്രധാന ചർച്ചാവിഷയം. മൂന്ന് വിക്കറ്റ് കൂടി നേടിയാല്‍ ചാഹൽ രാജ്യാന്തര ടി 20 യില്‍ ടീം ഇന്ത്യയുടെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാകും. ഇന്ത്യൻ സൂപ്പർതാരം ജസ്‌പ്രീത് ബുമ്രയെയാവും ഇക്കാര്യത്തില്‍ ചാഹല്‍ മറികടക്കുക.
ടീം ഇന്ത്യക്കായി 50 ടി 20 മത്സരങ്ങള്‍ കളിച്ച യുസ്‌വേന്ദ്ര ചാഹല്‍ 64 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. അതേസമയം ജസ്‌പ്രീത് ബുമ്ര 55 മത്സരങ്ങളില്‍ 66 വിക്കറ്റും നേടിയിട്ടുണ്ട്. വിന്‍ഡീസിനെതിരെ ബുമ്രക്ക് വിശ്രമം അനുവദിച്ചതിനാല്‍ ചാഹലിന് അനായാസം നേട്ടത്തിലെത്താനായേക്കും. 2016 ജൂണില്‍ സിംബാബ്‌വെക്കെതിരെ ഹരാരെയില്‍ രാജ്യാന്തര ടി 20 അരങ്ങേറ്റം കുറിച്ച ചാഹല്‍ കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെയാണ് ഈ ഫോര്‍മാറ്റില്‍ അവസാനമായി കളിച്ചത്. വിന്‍ഡീസിനെതിരെ അവസാനിച്ച ഏകദിന പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റ് യുസ്‌വേന്ദ്ര ചാഹല്‍ വീഴ്‌ത്തിയിരുന്നു.
Read More: അതിരന് ശേഷം ടീച്ചർ, വിവേക് ചിത്രത്തിൽ നായികാവേഷത്തിൽ അമല പോൾ
ഇന്ത്യ-വിന്‍ഡീസ് ടി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കൊൽക്കത്തയിലാണ് നടക്കുന്നത്. ഇന്ത്യന്‍സമയം രാത്രി എഴ് മണിക്കാണ് മത്സരം തുടങ്ങുക. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് പരമ്പരയിലെ മൂന്ന് മത്സരങ്ങളും. ഏകദിന പരമ്പര 3-0 ന് തൂത്തുവാരിയതിന്‍റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മ്മയും സംഘവും ഇറങ്ങുക. കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷനോ ഋതുരാജ് ഗെയ്‌ക്‌വാദോ രോഹിത്തിന്‍റെ ഓപ്പണിംഗ് പങ്കാളിയായേക്കും. വെങ്കടേഷ് അയ്യര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും ടീമിലുണ്ട്. ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഇല്ലാത്തതിനാല്‍ മുഹമ്മദ് സിറാജ് ആകും ബൗളിംഗ് നിരയെ നയിക്കുക.
Story Highlights: Chahal near Bumra’s record