‘തല’യോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് വലിയ ഭാഗ്യമെന്ന് നടൻ ദിനേശ് പ്രഭാകർ; പ്രേക്ഷകരുടെ കൈയടി നേടി ‘വലിമൈ’യിലെ കഥാപാത്രം

February 24, 2022

പ്രേക്ഷകരുടെ പ്രിയപ്പെട്ട ‘തല’ അജിത്തിന്റെ ‘വലിമൈ’ ഇന്ന് തിയേറ്ററുകളിലെത്തിയപ്പോൾ വമ്പൻ വരവേൽപ്പാണ് ആരാധകർ ചിത്രത്തിന് നൽകിയിരിക്കുന്നത്. വലിയ കാത്തിരിപ്പിന് ശേഷമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി ചിത്രം പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ ഭാഗമായതിന്റെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ ദിനേശ് പ്രഭാകർ.

നടൻ അജിത്തിനൊപ്പം സ്‌ക്രീൻ പങ്കിടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കാണുന്നുവെന്നാണ് ദിനേശ് പ്രഭാകർ പറയുന്നത്. അജിത് കുമാർ നായകനായ എച്ച്. വിനോദ് ചിത്രം വലിമയിൽ സുപ്രധാന കഥാപാത്രത്തിലൂടെയാണ് മലയാളിയായ ദിനേശ് പ്രഭാകർ കൈയടി നേടുന്നത്. ഇന്ന് റിലീസായ ചിത്രം ഇതിനോടകം തന്നെ തല ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

“തലയോടൊപ്പം സ്‌ക്രീൻ പ്രെസ്സൻസ് പങ്കിടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാൻ കാണുന്നു. അജിത് സാറിന്റെ വലിമൈ സിനിമ തിയേറ്ററിൽ റിലീസ് ആയിട്ടുണ്ട്. കാണുക പറ്റുന്ന വിധം സപ്പോർട് തരിക” എന്ന് ദിനേശ് പ്രഭാകർ ഫേസ്ബുക്കിൽ കുറിച്ചു.

വലിമയിൽ നെഗറ്റീവ് ഷെയ്ഡുള്ള ഒരു പോലീസ് ഓഫീസറായാണ് ദിനേശ് പ്രഭാകർ എത്തുന്നത്. അജിത്തുമായുള്ള കോമ്പിനേഷൻ സീനുകളിലെല്ലാം ദിനേശിന്റെ കഥാപാത്രം മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ദിനേശ് പ്രഭാകറിനെ കൂടാതെ പേർളി മാണി, ധ്രുവൻ തുടങ്ങിയ മലയാളി താരങ്ങളും സിനിമയിലുണ്ട്. തമിഴ്‌നാട്ടിൽ ഏറ്റവുമധികം സ്‌ക്രീനിൽ ആദ്യ ദിനം പ്രദർശനം ആരംഭിക്കുന്ന ചിത്രമാണ് വലിമൈ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More: ട്രെയ്‌ലർ അതിഗംഭീരം, ഓരോ ആക്ഷനും ‘പവർഫുൾ’; പവർ സ്റ്റാർ പവൻ കല്യാണിന് കൈയടിയുമായി സൂപ്പർതാരം രാം ചരൺ

വലിമൈ അടക്കം മൂന്ന് ചിത്രങ്ങളാണ് എച്ച്. വിനോദിനൊപ്പം അജിത് ചെയ്തിരിക്കുന്നത്. ഒരേ സംവിധായകന്റെ കൂടെ ഒന്നിലധികം ചിത്രങ്ങൾ ഒരുമിച്ച് ചെയ്യുന്ന നടൻ അജിത്തിന്റെ രീതി നേരത്തെ ചർച്ചയായിട്ടുണ്ട്.ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് പതിപ്പായ ‘നേർകൊണ്ട പാർവയ്’ മുതൽ അജിത്തിന്റെ കൂടെ ഉള്ളത് എച്ച്.വിനോദാണ്. അടുത്ത ചിത്രവും എച്ച്. വിനോദിനൊപ്പമാണ് അജിത് ചെയ്യുന്നത്.

Story Highlights: Dinesh Prabhakar shares his memories with Ajith