ട്രെയ്‌ലർ അതിഗംഭീരം, ഓരോ ആക്ഷനും ‘പവർഫുൾ’; പവർ സ്റ്റാർ പവൻ കല്യാണിന് കൈയടിയുമായി സൂപ്പർതാരം രാം ചരൺ

February 24, 2022

തെലുങ്കിലും മലയാളത്തിലും സിനിമാപ്രേക്ഷകർ ഒരേ പോലെ കാത്തിരിക്കുന്ന ചിത്രമാണ് പവൻ കല്യാണിന്റെ ‘ഭീംലനായക്.’ മെഗാഹിറ്റായ മലയാള സിനിമ ‘അയ്യപ്പനും കോശിയുടെ’ റീമേക്കാണ് ചിത്രം. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രം തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലർ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെയും പവൻ കല്യാണിനെയും പ്രശംസിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പർതാരം രാം ചരൺ.

ട്രെയ്‌ലർ ആവേശം ഉണർത്തുന്നതാണെന്നാണ് രാം ചരൺ ട്വീറ്റ് ചെയ്തത്. ‘പവൻ കല്യാണിന്റെ ഓരോ ഡയലോഗും ആക്ഷനും അതിശക്തമാണ്. എന്റെ സുഹൃത്ത് റാണ ദഗുബാട്ടിയുടെ സാന്നിധ്യം മികച്ചു നിന്നു’ എന്നാണ് രാം ചരൺ ട്വീറ്റ് ചെയ്തത്.

ചിത്രം ഫെബ്രുവരി 25 നാണ് പ്രദര്‍ശത്തിനെത്തുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് പലതവണയായി മാറ്റിയിരുന്നു. ‘ഞങ്ങൾ വാക്ക് നൽകിയത് പോലെ ഭീംല നായക് മികച്ച തിയറ്റർ അനുഭവം തന്നെയായിരിക്കും. ഈ മഹാമാരി കാലം അവസാനിച്ച ശേഷം ഞങ്ങൾ ചിത്രം തിയേറ്ററുകളിൽ എത്തിക്കും. ഫെബ്രുവരി 25 നോ ഏപ്രിൽ ഒന്നിനോ ചിത്രം റിലീസ് ചെയ്യാമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്’ എന്നാണ് നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്.

Read More: ഒരു ഡാൻസ് പോടലാം, സിനിമാസെറ്റിൽ ചുവടുവയ്ക്കുന്ന ലളിതാമ്മ, ഹൃദ്യം ഈ വിഡിയോ

പവന്‍ കല്ല്യാണാണ് ബിജു മേനോന്‍റെ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ റാണ ദഗുബാട്ടിയാണ് അവതരിപ്പിക്കുന്നത്. നിത്യ മേനോനും സംയുക്താ മേനോനുമാണ് നായികമാർ. സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ത്രിവിക്രം ശ്രീനിവാസ് ആണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത് രവി. കെ. ചന്ദ്രനാണ്.

Story Highlights: Ram Charan praises bheemlanayak trailer