ഐഎസ്എൽ മത്സരങ്ങൾക്ക് ഇനി ഇരട്ടി മധുരം, കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം
2022 ഐഎസ്എൽ ഫൈനൽ മത്സരത്തിന് കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം. ഗോവൻ ഗവണ്മെന്റിന്റെ തീരുമാനപ്രകാരം 50 ശതമാനം കാണികൾക്ക് പ്രവേശനം ലഭിക്കും. അങ്ങനെയാണെങ്കിൽ 9500 പേർ ആരവുമുയർത്തുന്ന ഗാലറിയെ സാക്ഷിയാക്കിയാണ് ഇത്തവണ ഫൈനൽ. അടുത്ത സീസണിന്റെ സീസൺ ബിഗിനർ മത്സരം എ ടി കെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സും തന്നെയാകണം. അതും കൊച്ചിയിൽ കാണികളുടെ മുന്നിൽ…
കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകവമനോവിച്ച് പറഞ്ഞ വാക്കുകളാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും ആഗ്രഹിക്കുന്നത്. കൊച്ചിയെ മഞ്ഞക്കടലാക്കുന്ന, രാജ്യത്തിന്റെ പുറത്ത് പോലും പേരും പെരുമയുമുള്ള കേരളത്തിന്റെ മഞ്ഞപ്പടയുടെ ആഘോഷങ്ങളും ആരവങ്ങളും തീർക്കുന്ന ആത്മവിശ്വസത്തിൽ പന്ത് തട്ടുന്ന നിമിഷങ്ങളാണ് താരങ്ങളും ആഗ്രഹിക്കുന്നത്… കാണികളില്ലാതെയാണ് കഴിഞ്ഞ 2 സീസണുകളിൽ ഐഎസ്എൽ മത്സരങ്ങൾ നടന്നത്. കാണികളുടെ സാന്നിധ്യം ഇല്ലാത്ത ഗാലറികളിൽ എത്ര വലിയ ബിഗ് സ്ക്രീനുകൾ സ്ഥാപിച്ചാലും കാണികളുടെ ആഹ്ലാദങ്ങളും ഭാവപ്രകടനകളും ഓൺലൈൻവഴി കാണിച്ചാലും ആളൊഴിഞ്ഞ, ആരവങ്ങളൊഴിഞ്ഞ ഗാലറികൾ തീർക്കുന്ന ശൂന്യത അത്രമേൽ ഭീകരമാണ്.
2019-20 സീസണിലെ സെമി ഫൈനലിലായിരുന്നു അവസാനമായി ഐഎസ്എല്ലില് കാണികളെ പ്രവേശിപ്പിച്ചത്. തുടര്ന്ന് നടന്ന ഫൈനല് കാണികളില്ലാതെയായിരുന്നു അരങ്ങേറിയത്. കൊവിഡ് തീർത്ത പ്രതിസന്ധികളിൽ പിന്നീടിതുവരെ ഐഎസ്എൽ മത്സരങ്ങളിൽ കാണികൾ ഉണ്ടായിരുന്നിട്ടേയില്ല. ഗോവയിലെ കൊവിഡ് സാഹചര്യം കുറഞ്ഞ പശ്ചാത്തലത്തില് കൂടിയാണ് ഈ നടപടി. രോഗവ്യാപന നിരക്ക് 1.7 ശതമാനമായി കുറഞ്ഞു. പ്രതിദിന കേസുകള് അഞ്ഞൂറില് താഴെയുമാണ്. സ്കൂളുകളുടെ പ്രവര്ത്തനങ്ങളും സാധാരണ നിലയിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സാംസ്കാരിക ഉത്സവവും ഐഎസ്എല് ഫൈനല് നിശ്ചയിച്ചിരുക്കുന്ന ദിനം തന്നെയാണ് നടക്കുന്നത്.
Story highlights: isl set to allow crowds for final