ധോണിയുടെ ഹെലികോപ്റ്റർ ഷോട്ടിനൊരു പിൻഗാമി; റഹ്മാനുള്ള ഗുര്‍ബാസിനെ ഐപിഎലിൽ കാണാൻ ആഗ്രഹമുണ്ടെന്ന് ലാന്‍സ് ക്ലൂസ്നര്‍

February 11, 2022

ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയുടെ പ്രശസ്തമായ സിഗ്നേച്ചർ ഷോട്ടാണ് ഹെലികോപ്റ്റർ ഷോട്ട്. കളിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഷോട്ടുകളിലൊന്നായ ഹെലികോപ്റ്റർ ഷോട്ട് പല പ്രമുഖ താരങ്ങളും ഗ്രൗണ്ടിൽ പായിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ധോണിയോളം മികവോടെ ഷോട്ട് കളിക്കാൻ പലർക്കും പറ്റിയിട്ടില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ ധോണിയുടെ അതേ മികവോടെ ഹെലികോപ്റ്റർ ഷോട്ട് പായിച്ച ഒരു യുവ ക്രിക്കറ്റ് താരത്തെ കണ്ട അമ്പരപ്പിലാണ് ക്രിക്കറ്റ് ലോകം.

അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റഹ്മാനുള്ള ഗുര്‍ബാസാണ് പാകിസ്ഥാൻ സൂപ്പർ ലീഗിൽ തന്റെ ടീമായ ഇസ്ലാമാബാദ്‌ യുണൈറ്റഡിന് വേണ്ടി ബാറ്റ് ചെയ്യുന്നതിനിടയിൽ ധോണിയുടെ ഷോട്ട് പായിച്ച് ആരാധകരെ ആവേശത്തിലാക്കിയത്. അപാരമായ ടൈമിങ്ങോടെ ഷോട്ട് പായിച്ച ഈ ഇരുപതുകാരൻ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോൾ താരത്തിനെ ഐപിഎലിൽ കാണാൻ ആഗ്രഹമുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അഫ്‌ഗാനിസ്ഥാന്റെ മുൻകോച്ച് കൂടിയായിരുന്ന ലാന്‍സ് ക്ലൂസ്നര്‍.

താരം ഇപ്പോളത്തെ തോതിൽ പരിശീലനം തുടരുകയും ഫിറ്റ്നെസ്സ് നിലനിര്‍ത്തുകയും ചെയ്യുകയാണെങ്കില്‍ ലോക ക്രിക്കറ്റിലെ തന്നെ സെന്‍സേഷനായി മാറുമെന്ന് ക്ലൂസ്നര്‍ വ്യക്തമാക്കി. താരത്തിനെ ഏതെങ്കിലും ഐപിഎൽ ടീം തിരഞ്ഞെടുക്കുമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എപ്പോളും ക്രിക്കറ്റിൽ നിന്ന് കാര്യങ്ങള്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു യുവതാരമാണ് ഗുര്‍ബാസ് എന്നും ക്ലൂസ്നര്‍ കൂട്ടിചേര്‍ത്തു.

Read More: ഇളയദളപതിക്ക് ശേഷം സാക്ഷാൽ ദളപതി; വിജയിയുടെ ‘ബീസ്റ്റിന്’ ശേഷം സംവിധായകൻ നെൽസൺ ചെയ്യുന്നത് രജനികാന്ത് ചിത്രം

ഫെബ്രുവരി 12, 13 തീയ്യതികളിലായി ബെംഗളൂരുവില്‍ വെച്ചാണ് താരലേലം നടക്കുക. പത്തുടീമുകളാണ് ഇത്തവണ താരലേലത്തില്‍ പങ്കെടുക്കുന്നത്. 90 കോടി രൂപയാണ് ഒരു ഐപിഎൽ ടീമിന് ലേലത്തിൽ ചിലവാക്കാൻ കഴിയുന്നത്. പുതിയ ഫ്രാഞ്ചൈസികൾക്കും അത്രയും തന്നെ തുകയനുവദിച്ചിട്ടുണ്ട്.

Story Highlights: Klusner would like to see Rahmanulla Gurbaaz in IPL