ഇളയദളപതിക്ക് ശേഷം സാക്ഷാൽ ദളപതി; വിജയിയുടെ ‘ബീസ്റ്റിന്’ ശേഷം സംവിധായകൻ നെൽസൺ ചെയ്യുന്നത് രജനികാന്ത് ചിത്രം

February 11, 2022

സൂപ്പർഹിറ്റ് തമിഴ് ചിത്രം ‘ഡോക്ടറിന്റെ’ സംവിധായകൻ നെൽസൺ ദിലീപ്കുമാറാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരം. തമിഴ് സിനിമാലോകം കാത്തിരിക്കുന്ന സൂപ്പർതാരം വിജയിയുടെ ‘ബീസ്റ്റ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് നെൽസൺ. നെൽസണും സംഗീത സംവിധായകൻ അനിരുദ്ധും ഒപ്പം തമിഴ് സൂപ്പർതാരം ശിവകാർത്തികേയനും ഒരുമിക്കുന്ന പല പ്രൊമോഷൻ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തമിഴ് സിനിമാലോകത്ത് തന്നെ ഏറ്റവും ജനപ്രിയനായി മാറിയ സംവിധായകന്റെ ഏറ്റവും പുതിയ ചിത്രത്തെപ്പറ്റിയുള്ള വാർത്തകളാണ് ഇപ്പോൾ ആരാധകരെ ആവേശത്തലാക്കിയിരിക്കുന്നത്. ലോകത്താകമാനം ആരാധകരുള്ള തമിഴ് മെഗാതാരം രജനികാന്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ആണ് എന്ന വാർത്തയാണ് സിനിമാലോകത്തെ ആവേശം കൊള്ളിക്കുന്നത്.

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം മെഗാതാരത്തിന്റെ 169-ാമത്തെ ചിത്രമാണ്. സണ്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം നിർമിക്കുന്നത്. വിജയ് ചിത്രമായ ‘ബീസ്റ്റിന്’ ശേഷം നെല്‍സണ്‍ പ്രഖ്യാപിക്കുന്ന ചിത്രമാണിത്. ശിവകാര്‍ത്തികേയനെ കേന്ദ്ര കഥാപാത്രമാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ഡോക്ടറും തിയേറ്ററില്‍ വന്‍ വിജയമായിരുന്നു.

അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. നെല്‍സണൊപ്പം അനിരുദ്ധ് ഒരുമിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. രജനികാന്തിന്റെ ‘പേട്ട’, ‘ദര്‍ബാര്‍’ എന്നീ ചിത്രങ്ങളിലും അനിരുദ്ധാണ് സംഗീതം ചെയ്തത്. രജനികാന്തും നെൽസണും അനിരുദ്ധും ഒരുമിച്ചുള്ള ഒരു വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായത്.

Read More: ജോലിയുപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങി, ഇന്ന് രാജീവ് പേരയ്ക്ക വിറ്റ് സമ്പാദിക്കുന്നത് ലക്ഷങ്ങൾ

അതേസമയം നെല്‍സണ്‍-വിജയ് ചിത്രമായ ‘ബീസ്റ്റ്’ ഏപ്രിലില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്ന്. നിലവില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. രജനികാന്ത് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ‘ബീസ്റ്റ്’ റിലീസിന് ശേഷമായിരിക്കും ആരംഭിക്കുക.

Story Highlights: Nelson going to direct Rajnikanth next