ജോലിയുപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങി, ഇന്ന് രാജീവ് പേരയ്ക്ക വിറ്റ് സമ്പാദിക്കുന്നത് ലക്ഷങ്ങൾ

February 9, 2022

കൃഷിയുപേക്ഷിച്ച് മറ്റ് പല ജോലികളും തേടിപ്പോകുന്നവരാണ് ഇന്നത്തെ തലമുറക്കാർ. കൃഷിയിൽ നിന്നും വരുമാനം ലഭിക്കുന്നില്ല എന്നത് തന്നെയാണ് ഇന്ന് മിക്കവരെയും കൃഷി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നതും. എന്നാൽ ഇപ്പോഴിതാ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങിയ രാജീവ് ഭാസ്കർ എന്നയാളാണ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. കമ്പനിയിലെ ജോലി രാജിവെച്ച രാജീവ് പേരയ്ക്ക കൃഷിയുമായാണ് മുന്നോട്ട് പോയത്. മികച്ച വരുമാനം നേടിക്കൊടുത്ത ഈ കൃഷിയിൽ നിന്നും ലക്ഷണങ്ങളാണ് സമ്പാദിക്കുന്നത്. ഒരു ഏക്കർ സ്ഥലത്ത് നിന്നും ആറു മുതൽ 12 ലക്ഷം രൂപവരെ ഓരോ വർഷവും ഇദ്ദേഹം സമ്പാദിക്കുന്നുണ്ട്.

മൊഹാലി സ്വാദേശിയായ രാജീവ് ഭാസ്ക്കർ ഒരിക്കൽ തന്റെ ഗ്രാമത്തിൽ ധാരാളമായി വിളഞ്ഞുനിൽക്കുന്ന പേരയ്ക്ക കണ്ടതോടെയാണ് ഇത് എന്തുകൊണ്ട് കൃഷി ചെയ്തുകൂടാ എന്ന് ചിന്തിച്ചത്. പിന്നീട് ജോലി രാജിവെച്ച ഇദ്ദേഹം റായ്പൂനാരിയിൽ സ്ഥലം വാങ്ങി പേര കൃഷി തുടങ്ങുകയായിരുന്നു. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങിയ രാജീവിനെ നിരവധിപ്പേർ എതിർത്തെങ്കിലും തന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്ന രാജീവ് കൃഷി എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. എന്നാൽ നാല് വർഷത്തോളം നീണ്ട പഠനത്തിന് ശേഷമാണ് കൃഷിയിലേക്ക് കാലെടുത്തുവയ്ക്കാൻ രാജീവ് തീരുമാനിച്ചത്.

Read also: ബാബു ഈ ദിവസം നിങ്ങളുടേത്- സന്തോഷമറിയിച്ച് ഷെയ്ൻ നിഗം

അതേസമയം തുടക്കത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായെങ്കിലും പിന്നീട് അതിനെയൊക്കെ തരണം ചെയ്ത രാജീവ് കൃഷിയിൽ നിന്നും ഇപ്പോൾ വലിയ രീതിയിലുള്ള വരുമാനമാണ് നേടിക്കൊണ്ടിരിക്കുന്നത്. പേര തൈകളുടെ ഇടയിൽ തണ്ണിമത്തൻ, റാഡിഷ്, കോളിഫ്‌ളവർ എന്നിവ കൂടി നട്ടതോടെ മികച്ച വരുമാനത്തിലേക്കാണ് രാജീവ് എത്തിയത്. സ്വന്തമായി ഒരു കാർഷിക കൺസൾട്ടൻസി കൂടി തുടങ്ങിയതോടെ രാജീവിനെ അന്വേഷിച്ച് നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്. ഇത് കൃഷിയിലേക്ക് തിരിയുന്നതിന് പുതുതലമുറയെ പ്രേരിപ്പിക്കുക കൂടിയാണ്.

Story highlights: Rajeev earns lakhs from guava farming