‘ഇത് വീട്ടിലേക്കുള്ള മടങ്ങിവരവ് പോലെ..’-‘മകൾ’ ലൊക്കേഷനിൽ നിന്നും വിഡിയോയുമായി മീര ജാസ്മിൻ

February 10, 2022

നീണ്ട ഇടവേളയ്ക്ക് ശേഷം മകൾ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് വീണ്ടും സജീവമാകുകയാണ് മീര ജാസ്മിൻ.ഞാൻ പ്രകാശന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ മടങ്ങിയെത്തുന്നത്. ജയറാം, ദേവിക, ശ്രീനിവാസൻ തുടങ്ങിയവർ വേഷമിടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. മടങ്ങിവരവിൽ സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി.

മകൾ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. ജയറാമും സത്യൻ അന്തിക്കാടും അനൂപ് സത്യനും വിഡിയോയിൽ മീര ജാസ്മിനൊപ്പം ഉണ്ട്. ‘സത്യൻ അങ്കിളിന്റെ ലൊക്കേഷനുകളിൽ ഷോട്ടുകൾക്കിടയിലെ ചിരിയുടെ ഇടവേളകൾ എപ്പോഴും സ്വാഗതം ചെയ്യാറുണ്ട്. ജോലിയിലേക്ക് ഈ മനോഹരമായ ടീം കൊണ്ടുവരുന്ന ഊഷ്മളതയും ആശ്വാസവും കാരണം ‘മകൾ’ വീട്ടിലേക്കുള്ള ഒരു മടങ്ങിവരവാണ്‌ എനിക്ക്’. മീര ജാസ്മിൻ കുറിക്കുന്നു.

Read Also: റൂബിക്സ് ക്യൂബിൽ ഒരുങ്ങിയ മമ്മൂക്ക, കുരുന്ന് കലാകാരന് നന്ദി അറിയിച്ച് താരം

ഒരുകാലത്ത് മലയാള ചലച്ചിത്ര ലോകത്ത് സജീവമായിരുന്നു മീര ജാസ്മിൻ. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ രംഗത്തേയ്ക്ക് വന്നിരിക്കുന്ന സിനിമയാണ് സത്യൻ അന്തിക്കാടിന്റേത്. ജയറാമാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഞാൻ പ്രകാശനിലൂടെ ശ്രദ്ധേയയായ ദേവികയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം.

Story highlights- meera jasmine makal location video