9-ാം വാർഡിലെ മെമ്പർ രമേശനും കൂട്ടരും പ്രേക്ഷകരിലേക്ക് എത്തുന്നു, ചിത്രം നാളെ മുതൽ…

February 24, 2022

‘മെമ്പർ രമേശൻ 9-ാം വാർഡ്’- പേര് പ്രഖ്യാപിച്ചതുമുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണിത്. അർജുൻ അശോകൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നാളെ മുതലാണ് തിയേറ്ററുകളിൽ എത്തുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ രാഷ്ട്രീയത്തിനും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് സിനിമ ഒരുങ്ങുന്നത് എന്ന് സൂചന നൽകിയാണ് ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറുമെല്ലാം പ്രേക്ഷകരിലേക്കെത്തിയത്.

സൗഹൃദത്തിനും പ്രണയത്തിനുമെല്ലാം പ്രാധാന്യം നൽകുന്ന ചിത്രത്തിൽ നായികയായി വേഷമിടുന്നത് ഗായത്രി അശോകാണ്. ചിത്രത്തിലേതായി പുറത്തുവന്ന ഗാനങ്ങളും ഇതിനോടകം ആസ്വാദകഹൃദയങ്ങൾ കീഴടക്കികഴിഞ്ഞു. ചിത്രത്തിലെ ആദ്യ ഗാനമായ ‘അലരേ…’ എന്ന ഗാനം ഹിറ്റ് ചാര്‍ട്ടിലും ഇടം നേടിയതാണ്. ചിത്രത്തിൽ ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, ശബരീഷ് വർമ്മ, സാബുമോൻ, മാമുക്കോയ എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആൻറോ ജോസ് പെരിയ, എബി ട്രീസ പോൾ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബൻ ആൻഡ് മോളി പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

Read also: ഒരു ഡാൻസ് പോടലാം, സിനിമാസെറ്റിൽ ചുവടുവയ്ക്കുന്ന ലളിതാമ്മ, ഹൃദ്യം ഈ വിഡിയോ

അതേസമയം കുറഞ്ഞ കാലയളവുകൊണ്ട് പ്രേക്ഷകപ്രീതിനേടിയ നടനായി മാറിക്കഴിഞ്ഞു ചലച്ചിത്രതാരം ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ. ‘പറവ’യിലെ ക്രിക്കറ്റ് ഭ്രാന്തനായ കഥാപാത്രത്തിലൂടെയാണ് അര്‍ജുന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസിലിന്റെ ‘വരത്തനി’ല്‍ വില്ലന്‍ വേഷത്തിലൂടെയും അര്‍ജുന്‍ ശ്രദ്ധേയനായി. ആസിഫ് അലി നായകനായ ‘മന്ദാര’ത്തിലും പ്രധാന വേഷത്തില്‍ അര്‍ജുന്‍ എത്തിയിരുന്നു. മമ്മൂട്ടി നായകനായി എത്തിയ ‘ഉണ്ട’, രജിഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ജൂൺ’ എന്നീ ചിത്രങ്ങളിലും താരം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മധുരം, സൂപ്പർ ശരണ്യ എന്നിവയാണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

Story highlights: Member Rameshan 9aam Ward releasing tomorrow