ഒരു ഡാൻസ് പോടലാം, സിനിമാസെറ്റിൽ ചുവടുവയ്ക്കുന്ന കെപിഎസി ലളിത, ഹൃദ്യം ഈ വിഡിയോ

February 24, 2022

രംഗബോധമില്ലാത്ത കോമാളിയെപ്പോലെയാണ് മരണം കടന്നുവരുന്നതെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. ആ വാക്കുകൾ ശരിവെച്ചുകൊണ്ടായിരുന്നു കഴിഞ്ഞദിവസം മലയാളത്തിന്റെ പ്രിയതാരം കെപിഎസി ലളിത മരണമടഞ്ഞത്, സമാനതകളില്ലാത്ത അഭിനയപ്രകടനം കാഴ്ചവെച്ച താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് തെന്നിന്ത്യൻ സിനിമാലോകം. താരത്തിനൊപ്പമുള്ള സിനിമ ഓർമ്മകളും അനുഭവങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചവരും നിരവധിയാണ്. ഇപ്പോഴിതാ ലളിതമ്മയ്ക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് തമിഴ് ചലച്ചിത്രതാരം ആർ ജെ ബാലാജി.

കെപിഎസി ലളിത അവസാനമായി അഭിനയിച്ച തമിഴ് ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വിഡിയോയാണ് ബാലാജി പങ്കുവെച്ചിരിക്കുന്നത്. ബാലാജിക്കൊപ്പം നൃത്തം ചെയ്യുന്ന ലളിതാമ്മയെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഒരുമിച്ചഭിനയിക്കുന്ന അവസാനത്തെ ചിത്രമാണിതെന്ന് അറിഞ്ഞില്ലല്ലോ എന്ന ദുഃഖത്തോടെയാണ് ബാലാജി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡ് ചിത്രം ബദായി ഹോയുടെ തമിഴ് പതിപ്പിലാണ് അവസാനമായി ഇരുവരും ഒന്നിച്ചത്. അതേസമയം കഴിഞ്ഞദിവസം അന്തരിച്ച കോട്ടയം പ്രദീപും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

‘ഇന്ത്യയിലെതന്നെ അതിപ്രഗത്ഭരായ അഭിനേതാക്കളിൽ ഒരാൾ ഇനിയില്ല. ലളിതാമ്മയെ നേരിൽ കാണാനും അറിയാനും ഒരുമിച്ചഭിനയിക്കാനും കഴിഞ്ഞതിൽ വലിയ സന്തോഷം. ഈ ചിത്രം അമ്മയുടെ അവസാന തമിഴ് ചിത്രമായിരിക്കുമെന്ന് കരുതിയിരുന്നില്ല. മറ്റുള്ളവരോട് കരുതലും കരുണയും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ലളിതാമ്മ. അമ്മയ്‌ക്കൊപ്പം ചിലവഴിച്ച ഓരോ നിമിഷങ്ങളും എന്നും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കും’ എന്നും വിഡിയോ പങ്കുവെച്ചുകൊണ്ട് ബാലാജി കുറിച്ചു.

22 ആം തിയതി രാത്രിയോടെയാണ് കെപിഎസി ലളിത അന്തരിച്ചത്. ഏറെ നാളായി അസുഖബാധിതയായിരുന്ന താരം വാർധക്യ സഹജമായ രോഗങ്ങളെത്തുടർന്നാണ് അന്തരിച്ചത്. അതേസമയം ഒട്ടേറെ മികച്ച കഥാപാത്രങ്ങളും സിനിമകളും ബാക്കിയാക്കിയാണ് ലളിതാമ്മ യാത്രയായിരിക്കുന്നത്. കെപിഎസി ലളിതയുടേതായി ‘ഭീഷ്‍മപർവ്വം’, ‘ഒരുത്തീ’ എന്നീ ചിത്രങ്ങളാണ് ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. മരണം വരെ അഭിനയിക്കുക എന്നതായിരുന്നു മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിയുടെ ആഗ്രഹം.

Story highlights: balaji shares dance video with kpac lalitha