ലോകതാരമാക്കിയതിൽ ഹോക്കി ആരാധകർക്ക് നന്ദി; ഇന്ത്യൻ ഹോക്കിക്കിത് അഭിമാനനിമിഷമെന്ന് ഒളിമ്പ്യൻ പി.ആർ.ശ്രീജേഷ്
ഇന്ത്യൻ ദേശീയ ഹോക്കി ടീമിന്റേ ഗോൾകീപ്പറും മലയാളിയുമായ പി.ആർ.ശ്രീജേഷ് ഇന്റർനാഷണൽ വേൾഡ് ഗെയിംസ് അസോസിയേഷന്റെ അത്ലീറ്റ് ഓഫ് ദി ഇയർ 2021 ആയി തിരഞ്ഞെടുക്കപ്പെട്ടു. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ശ്രീജേഷ് വിജയിയായത്. ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീജേഷ്. ഇതിനുമുന്‍പ് 2019-ല്‍ ഇന്ത്യന്‍ വനിതാ ഹോക്കി നായിക റാണി റാംപാല്‍ പുരസ്‌കാരം നേടിയിരുന്നു.
ഫൈനല്‍ റൗണ്ടില്‍ സ്‌പെയിനിന്റെ സ്പോർട്സ് ക്ലൈംബിങ് താരം ആൽബർട്ടോ ലോപസ്, ഇറ്റാലിയന്‍ വൂഷു താരം മൈക്കിള്‍ ജിയോര്‍ഡാന്‍ എന്നിവരെ മറികടന്നാണ് ശ്രീജേഷ് പുരസ്‌കാരം നേടിയത്. 17 രാജ്യങ്ങളിൽ നിന്ന് നാമനിർദേശം ചെയ്യപ്പെട്ട 24 കായികതാരങ്ങളാണ് അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. ശ്രീജേഷിന് ആകെ 127647 വോട്ടുകളാണ് ലഭിച്ചത്. ലോപ്പസിന് 67428 വോട്ടും ജിയോര്‍ഡാനിന് 52046 വോട്ടും ലഭിച്ചു. 33 കാരനായ ശ്രീജേഷിന് മാത്രമാണ് ഇന്ത്യയില്‍ നിന്ന് നാമനിര്‍ദേശം ലഭിച്ചത്. 2021 ഒക്ടോബറില്‍ ശ്രീജേഷിനെ ലോക ഹോക്കി ഫെഡറേഷന്‍ ഗോള്‍കീപ്പര്‍ ഓഫ് ദി ഇയറായി പ്രഖ്യാപിച്ചിരുന്നു.
“ലോകമെമ്പാടുമുള്ള ഇന്ത്യൻ ഹോക്കിയുടെ ആരാധകർക്കു നന്ദി. എനിക്കു വോട്ട് ചെയ്ത പ്രിയപ്പെട്ട മലയാളികൾക്കും നന്ദി. എന്നെ ഈ അംഗീകാരത്തിന് നാമനിർദേശം ചെയ്ത ഹോക്കി സംഘടനയ്ക്കും എനിക്കു വോട്ട് ചെയ്ത ആരാധകർക്കുമായി ഞാൻ ഈ പുരസ്കാരം സമർപ്പിക്കുന്നു. ഇന്ത്യൻ ഹോക്കിക്കിത് അഭിമാന നിമിഷമാണ്” – തന്റെ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച് ശ്രീജേഷ് പറഞ്ഞു.
Read More: ‘കുഗ്രാമമേ..’- മിന്നൽ മുരളിയിലെ കാത്തിരുന്ന ഗാനം പ്രേക്ഷകരിലേക്ക്
ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍നായകനായ ശ്രീജേഷ് ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിലെ പ്രധാന താരമായിരുന്നു. ശ്രീജേഷിന്റെ മിന്നും സേവുകളിലാണ് ഇന്ത്യ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയത്.
Story Highlights: P.R.Sreejesh thanks hockey fans