കാലാ, കബാലി, സര്‍പ്പാട്ട പരമ്പരൈ- വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച പാ രഞ്ജിത്ത് ഇനി ബോളിവുഡിൽ; ‘ബിർസ’യുടെ വിശേഷങ്ങൾ…
തമിഴകത്ത് ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പാ രഞ്ജിത്ത്. ഒടിടി പ്ലാറ്റ്ഫോമിലൂടെ അടുത്തിടെ പ്രേക്ഷകരിലേക്കെത്തിയ പാ രഞ്ജിത്ത് ചിത്രം സര്‍പ്പാട്ട പരമ്പരൈ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. 1970-80 കാലഘട്ടത്തിൽ നോര്‍ത്ത് മദ്രാസിൽ അറിയപ്പെട്ടിരുന്ന സര്‍പ്പാട്ട പരമ്പരൈ എന്ന പാരമ്പര്യ ബോക്സിങ് താരങ്ങളുടെ ജീവിതം പറയുന്ന ചിത്രത്തിൽ ആര്യയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. ആര്യയുടെ മേക്കോവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമ ലോകത്ത് ശ്രദ്ധ നേടുന്നത്.
പ്രശസ്ത ആദിവാസി സ്വതന്ത്ര സമര നേതാവ് ബിർസ മുണ്ടയുടെ ജീവിതം പറയുന്ന ചിത്രമാണ് പാ രഞ്ജിത്തിന്റേതായി ഒരുങ്ങുന്നത്. 2018 പ്രഖ്യാപിച്ച ചിത്രം ബോളിവുഡിലാണ് ഒരുങ്ങുന്നത് എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയുടെ സ്വതന്ത്ര സമരത്തിൽ നിർണായക പങ്ക് വഹിച്ച ബിർസ മുണ്ടയുടെ ജീവിതം അതെ തീക്ഷ്ണതയോടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ ഒരുങ്ങുകയാണ് സംവിധായകനും കൂട്ടരും. ബിർസ എന്നുതന്നെയാണ് സിനിമയ്ക്ക് പേരും നൽകിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷാവസാനം ആരംഭിക്കുമെന്നാണ് സംവിധായകൻ പറയുന്നത്. ബിര്‍സാ മുണ്ടയെക്കുറിച്ച് പ്രശസ്ത എഴുത്തുകാരി മഹാശ്വേതാ ദേവി രചിച്ച ‘ആരണ്യേര്‍ അധികാര്‍’ എന്ന പുസ്തകമാവും സിനിമയ്ക്ക് അടിസ്ഥാനം എന്നാണ് സൂചന. അതേസമയം ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ലൊക്കേഷനുകളിലാവും സിനിമ ചിത്രീകരിക്കുക എന്നും പറഞ്ഞുവയ്ക്കുന്നുണ്ട് സംവിധായകൻ.
ആട്ടക്കത്തി, മദ്രാസ്, കാലാ, കബാലി, സര്‍പ്പാട്ട പരമ്പരൈ തുടങ്ങിയ സിനിമകളിലൂടെ സൂപ്പർ ഹിറ്റ് സംവിധായകനായി പേരെടുത്ത പാ രഞ്ജിത്ത് തന്റെ അടുത്ത ചിത്രം ഒരുക്കുന്നത് ഹിന്ദിയിലാണെന്നതാണ് ആരാധകരെ കൂടുതൽ ആവേശത്തിലാക്കുന്നത്. മാജിദ് മജീദിയുടെ ‘ബിയോണ്ട് ദി ക്ലൗഡ്സ്’ നിർമ്മിച്ച ശരീൻ മാട്രി കെടിഎ, കിഷോർ അറോറ എന്നിവരാണ് പാ രഞ്ജിത്തിന്റെ പുതിയ ചിത്രം നിർമിക്കുന്നത്. അതേസമയം പരിയേറും പെരുമാള്‍ ആണ് പാ രഞ്ജിത്ത് നിർമ്മിച്ച ചിത്രങ്ങളിൽ ഏറ്റവും വലിയ സ്വീകാര്യത ലഭിച്ച സിനിമ.
Story highlights; pa ranjith bollywood debut- birsa