ഇത് പുനീത് രാജ്‌കുമാറിന്റെ അവസാന ചിത്രം; ശ്രദ്ധനേടി ‘ജെയിംസ്’ ട്രെയ്‌ലർ, പ്രിയതാരത്തിന്റെ ഓർമയിൽ ആരാധകർ

February 11, 2022

സിനിമ ആസ്വാദകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ടായിരുന്നു കന്നഡ ചലച്ചിത്രതാരം പുനീത് രാജ്‌കുമാറിന്റെ മരണം. ഹൃദയാഘാതത്തെത്തുടർന്നാണ് പുനീത് മരണത്തിന് കീഴടങ്ങിയത്. മരണശേഷം പുനീതിന്റെ കണ്ണുകൾഉൾപ്പെടെ ദാനം ചെയ്തതും വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ പുനീത് രാജ്‌കുമാർ അഭിനയിച്ച അവസാന ചിത്രത്തിന്റെ വിശേഷങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്.

ചേതൻ കുമാർ സംവിധാനം നിർവഹിക്കുന്ന ജെയിംസ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം മാർച്ച് 17 ഓടെ തിയേറ്ററുകളിൽ എത്തും. അതേസമയം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാകും മുൻപാണ് പുനീത് മരണത്തിന് കീഴടങ്ങിയത്. ഡബ്ബിങ് പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ പുനീതിന് വേണ്ടി ശബ്ദം നൽകിയത് സഹോദരൻ ശിവരാജ് കുമാറാണ്. പുനീതിന്റെ ജന്മദിനത്തിലാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്.

പുനീത് നായകനായ ഡോക്യുമെന്ററിയും പ്രദർശനത്തിനൊരുങ്ങുകയാണ്. ചന്ദന മരങ്ങളുടെ ക്ഷേത്രം എന്നർത്ഥം വരുന്ന ‘ഗന്ധാഡഗുഡി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read also: വിളഞ്ഞു പാകമായി നിൽക്കുന്ന സ്ട്രോബറിത്തോട്ടങ്ങൾ, സ്വപ്നം പോലൊരു യാത്രയെക്കുറിച്ച് അഹാന…

അതേസമയം കന്നഡ സിനിമയിലെ സൂപ്പർസ്റ്റാർ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്‌കുമാർ. 1985-ൽ ബേട്ടഡു ഹൂവി എന്ന ചിത്രത്തിലൂടെ ബാലതാരമായി തന്റെ കരിയർ ആരംഭിച്ച അദ്ദേഹം മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും നേടിയിരുന്നു. 2002-ൽ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലൂടെയാണ് പുനീത് നായകനായി അരങ്ങേറ്റം കുറിച്ചത്. അഭി, വീര കന്നഡിഗ, അരസു, രാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയും അദ്ദേഹത്തിന്റെ പ്രശസ്തമായ സിനിമകളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ആദ്യം പുറത്തിറങ്ങിയ യുവരത്നയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

Story highlights: Puneeth Rajkumar’s last film James – Official Teaser