“രാജ്യത്തിന്റെ യശസ്സാണ് താങ്കൾ വാനോളമുയർത്തിയത്”; ലോകചാമ്പ്യനെ അട്ടിമറിച്ച ഗ്രാന്‍റ് മാസ്റ്റര്‍ പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് സച്ചിന്റെ ട്വീറ്റ്

February 22, 2022

ലോക ചെസ്സ് ചാമ്പ്യൻ മാഗ്നസ് കാൾസനെ എയർ തിങ് മാസ്‌റ്റേഴ്‌സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിൽ പരാജയപ്പെടുത്തിയ ഇന്ത്യൻ കൗമാര താരം ഗ്രാന്റ് മാസ്റ്റർ ആർ. പ്രജ്ഞാനന്ദക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ അഭിനന്ദനം. ഒരു 16 വയസ്സുകാരൻ ഇത്രയും പരിജയസമ്പന്നനായൊരു താരത്തെ പരാജയപ്പെടുത്തുന്നത് അത്ഭുതമാണെന്നും പ്രജ്ഞാനന്ദ രാജ്യത്തിന്റെ യശസ്സുയർത്തിയെന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

“ഇത് മനോഹരമായൊരു വിജയമാണ്. ഒരു 16 വയസ്സുകാരൻ വളരെ പരിജയസമ്പന്നനായ മാഗ്നസ് കാൾസനെപ്പോലെ ഒരു താരത്തെ പരാജയപ്പെടുത്തുക എന്നത് അത്ഭുതമാണെന്ന് പറയാം. പ്രജ്ഞാനന്ദക്ക് ഭാവിയിൽ ഇനിയുമൊരുപാട് ഉയരങ്ങൾ താണ്ടാനാവട്ടെ എന്ന് ആശംസിക്കുന്നു. രാജ്യത്തിന്റെ യശസ്സാണ് താങ്കൾ വാനോളമുയർത്തിയത്”- സച്ചിൻ ട്വീറ്റ് ചെയ്തു.

ടൂർണമെന്‍റിന്‍റെ എട്ടാം റൗണ്ടിലാണ് ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണ് അടിതെറ്റിയത്. 39 നീക്കങ്ങൾക്കൊടുവിലാണ് പ്രജ്ഞാനന്ദയുടെ വിജയം. ടൂർണമെന്റിലെ പ്രജ്ഞാനന്ദയുടെ രണ്ടാം വിജയം കൂടിയാണിത്. ഇതിനുമുൻപ് ഒരു വിജയവും രണ്ട് സമനിലയും നാല് തോൽവിയുമാണ് പ്രജ്ഞാനന്ദ നേടിയത്.

Read More: തല ചായ്ക്കാൻ വിശാലമായൊരു ചുമല്; പൊള്ളാർഡിന്റെയും സൂര്യകുമാർ യാദവിന്റെയും സൗഹൃദം ഏറ്റെടുത്ത് ആരാധകർ

ലെവ് ആരോനിയനെതിരെയായിരുന്നു പ്രജ്ഞാനന്ദയുടെ ആദ്യ വിജയം. ലോകചാമ്പ്യൻഷിപ്പ് ഫൈനലിൽ കാൾസണോട് തോൽവി വഴങ്ങിയ നെപ്പോമ്നിയാച്ചിയാണ് നിലവിൽ ടൂർണമെന്റിൽ മുന്നിട്ടുനിൽക്കുന്നത്. 19 പോയിന്റാണ് താരത്തിനുള്ളത്. 16 താരങ്ങൾ ടൂർണമെന്റിൽ മാറ്റുരയ്ക്കുമ്പോൾ ആകെ 15 മത്സരങ്ങളാണ് പ്രാഥമിക ഘട്ടത്തിൽ ഒരു താരത്തിന് ലഭിക്കുന്നത്.

Story Highlights: Sachin congratulates 16 year old grandmaster