തല ചായ്ക്കാൻ വിശാലമായൊരു ചുമല്; പൊള്ളാർഡിന്റെയും സൂര്യകുമാർ യാദവിന്റെയും സൗഹൃദം ഏറ്റെടുത്ത് ആരാധകർ

February 22, 2022

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മൂന്നാമത്തെ ടി 20 മത്സരവും ജയിച്ചതോടെ പരമ്പര തൂത്തുവാരിയിരിക്കുകയാണ് ടീം ഇന്ത്യ. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിന്‍റെയും വെങ്കടേഷ് അയ്യരുടെയും ബാറ്റിംഗ് മികവിലായിരുന്നു മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യ മികച്ച വിജയം നേടിയത്. പതിനാലാം ഓവറില്‍ 93-4 എന്ന സ്കോറില്‍ പരുങ്ങിയ ഇന്ത്യയെ ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ആറോവറില്‍ 91 റണ്‍സടിച്ച് കൂറ്റന്‍ സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. ടീമിന്റെ വിജയത്തിൽ നിർണായകമായിരുന്നു ഇരുവരുടെയും കൂട്ടുകെട്ട്.

ഇപ്പോൾ മത്സര ശേഷം സൂര്യകുമാർ യാദവ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പൊള്ളാർഡിനൊപ്പമുള്ള ചില സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറലാവുന്നത്. വാശിയേറിയ മത്സരത്തിനിടയിയിലും ഇരു ടീമിലെയും കളിക്കാര്‍ തമ്മിലുള്ള സൗഹൃദ നിമിഷങ്ങളും ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. അത്തരമൊരു നിമിഷമായിരുന്നു വിന്‍ഡീസ് നായകന്‍ കെയ്റോണ്‍ പൊള്ളാര്‍ഡ് അമ്പയറോട് സംസാരിച്ചു നില്‍ക്കെ പൊള്ളാര്‍ഡിന്‍റെ തോളില്‍ തലചായ്ച്ചു മയങ്ങുന്ന സൂര്യകുമാറിന്‍റെ ചിത്രം.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ സഹതാരങ്ങളാണ് ഇരുവരും. ഇത്തവണ ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് മുംബൈ നിലനിര്‍ത്തിയ നാലു കളിക്കാരില്‍ സൂര്യകുമാറും പൊള്ളാര്‍ഡുമുണ്ട്. പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ട സൂര്യകുമാര്‍ മത്സരശേഷം പൊള്ളാര്‍ഡിനെ ആലിംഗനം ചെയ്യുന്ന ചിത്രവും തോളില്‍ തല ചായ്ച്ചു കിടക്കുന്ന ചിത്രവും പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചത് സാഹോദര്യം തുടരും എന്നായിരുന്നു. സൂര്യകുമാറിന്റെ ട്വീറ്റിന് താഴെ നിരവധി ആരാധകരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.

Read More: ബൃന്ദ മാസ്റ്ററുടെ ചുവടുകൾ; ഗാന്ധാരിയായി നിറഞ്ഞാടി കീർത്തി സുരേഷ്- അതിമനോഹരമായ സംഗീത വിഡിയോ

അതേസമയം മൂന്നാമത്തെയും അവസാനത്തെയും ടി 20 മത്സരത്തിൽ ടീമിന്റെ വിജയത്തിൽ നിർണായകമായിരുന്നു സൂര്യകുമാറിന്റെയും അയ്യരുടെയും കൂട്ടുകെട്ട്. 31 പന്തില്‍ ഏഴ് സിക്സും ഒരു ഫോറും സഹിതം സൂര്യകുമാര്‍ 65 റണ്‍സെടുത്ത് ഇന്നിംഗ്സിലെ അവസാന പന്തില്‍ പുറത്തായപ്പോള്‍ 19 പന്തില്‍ 35 റണ്‍സെടുത്ത വെങ്കടേഷ് പുറത്താവാതെ നിന്നു. ഇരുവരുടെയും ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 184 റണ്‍സടിച്ചപ്പോള്‍ വിന്‍ഡീസിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 17 റണ്‍സ് ജയത്തോടെ ഇന്ത്യ ടി 20 പരമ്പര 3-0ന് തൂത്തുവാരി. സൂര്യകുമാര്‍ യാദവാണ് കളിയിലെയും പരമ്പരയിലെയും താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

Story Highlights: Pollard and Suryakamar Yadav’s friendship