“അവസാന മത്സരത്തിന് ശേഷം വിരാട് നൽകിയത് വിലമതിക്കാനാവാത്ത സമ്മാനം”; അവസാന ടെസ്റ്റിലെ ഓർമ്മകൾ ഓർത്തെടുത്ത് സച്ചിൻ ടെണ്ടുൽക്കർ

February 18, 2022

ലോകക്രിക്കറ്റിലെ തന്നെ ഇതിഹാസതാരമാണ് ഇന്ത്യക്കാരുടെ സ്വകാര്യ അഭിമാനമായ സച്ചിൻ ടെണ്ടുൽക്കർ. കളി മികവുകൊണ്ടും കണക്കുകള്‍ കൊണ്ടും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ യഥാര്‍ത്ഥ പിന്‍ഗാമിയെന്ന് കരുതപ്പെടുന്ന കളിക്കാരനാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ വിരാട് കോലി. 2011ലെ ഏകദിന ലോകകപ്പ് വിജയത്തിനുശേഷം സച്ചിനെ ചുമലിലേറ്റി ഗ്രൗണ്ട് ചുറ്റുന്ന വിരാട് കോലിയുടെ ചിത്രം ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. കഴിഞ്ഞ 23 വര്‍ഷം രാജ്യത്തിന്‍റെ പ്രതീക്ഷകളുടെ ഭാരം മുഴുവന്‍ ചുമലിലേറ്റിയ സച്ചിനെ ഇന്ന് ഞങ്ങള്‍ ചുമലിലേറ്റുന്നു എന്നായിരുന്നു കോലി അന്ന് അതേക്കുറിച്ച് പറഞ്ഞത്. ഇപ്പോഴിതാ ഒരുമിച്ച് കളിച്ചിരുന്ന കാലത്ത് വിരാട് കോലി നല്‍കിയ മറക്കാനാവാത്ത സമ്മാനത്തെക്കുറിച്ച് തുറന്നു പറയുകയാണ് സച്ചിന്‍. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വികാരനിര്‍ഭരമായ ആ ഓര്‍മ സച്ചിന്‍ പങ്കുവെച്ചത്.

“2013ല്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ കരിയറിലെ അവസാന ടെസ്റ്റും കളിച്ച് ഡ്രസ്സിംഗ് റൂമില്‍ മടങ്ങിയെത്തിയതായിരുന്നു ഞാന്‍. കണ്ണീരടക്കാനാവാതെയാണ് ഞാന്‍ ഔട്ടായി ഡ്രസ്സിംഗ് റൂമില്‍ മടങ്ങിയെത്തിയത്. എനിക്കറിയാമായിരുന്നു ഞാന്‍ വിരമിക്കാന്‍ പോകുകയാണെന്ന്. എനിക്ക് കണ്ണീരടക്കാനായിരുന്നില്ല. എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു. ആ സമയത്ത് വിരാട് എന്‍റെ അടുത്ത് വന്ന് അദ്ദേഹത്തിന്‍റെ അച്ഛന്‍ കെട്ടിക്കൊടുത്ത പാവനമായി അദ്ദേഹം കരുതുന്ന ഒരു ചരട് എന്‍റെ കൈയില്‍ തന്നു. അത് ഞാന്‍ കുറച്ചുനേരം എന്‍റെ കൈയില്‍ മുറുകെ പിടിച്ചു. എന്നിട്ട് അദ്ദേഹത്തിന് തന്നെ തിരികെ കൊടുത്തു. ഇത് അമൂല്യമായ ഒന്നാണെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു. നിന്‍റെ അവസാനശ്വാസം വരെ നീ ഇത് കൈയില്‍ വെക്കണം എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ ആ ചരട് വിരാടിനെ തിരിച്ചേല്‍പ്പിച്ചു. വികാരനിര്‍ഭരമായ നിമിഷമായിരുന്നു അത്. എന്‍റെ ജീവിതത്തില്‍ ഓര്‍മയുള്ളിടത്തോളം കാലം ആ നിമിഷം എന്‍റെ മനസിലുണ്ടാവും” -സച്ചിന്‍ പറഞ്ഞു.

Read More: ലൂസിഫർ ഗോഡ്ഫാദർ ആകുമ്പോൾ, പ്രിയദർശിനി രാംദാസ് ആകാൻ നയൻ‌താര

രണ്ട് വര്‍ഷം മുമ്പ് ഇതേ പരിപാടിയില്‍ കോലിയും ആ നിമിഷം ഓര്‍ത്തെടുത്തിരുന്നു. വിലമതിക്കാനാവാത്ത ചരടായിരുന്നു തനിക്ക് അതെങ്കിലും സച്ചിനോടുള്ള ആദരവ് കാരണമാണ് താൻ അദ്ദേഹത്തിന് അത് നൽകിയത് എന്നാണ് കോലി പറഞ്ഞത്. സച്ചിൻ തങ്ങൾ ഓരോരുത്തർക്കും ആരായിരുന്നുവെന്നും എത്രത്തോളം തങ്ങളെ അദ്ദേഹം പ്രചോദിപ്പിച്ചിരുന്നുവെന്നും കോലി അതേ അഭിമുഖത്തിൽ ഓർത്തെടുത്തിരുന്നു.

Story Highlights: Sachin recollecting memory with Kohli