ലൂസിഫർ ഗോഡ്ഫാദർ ആകുമ്പോൾ, പ്രിയദർശിനി രാംദാസ് ആകാൻ നയൻ‌താര

February 18, 2022

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹൻലാൽ വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിച്ച ചിത്രം, പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാകനായ ചിത്രം, ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള ചലച്ചിത്രം, മലയാളത്തിന്റെ പ്രിയതാരങ്ങൾ ഒന്നിച്ച ചിത്രം… ഇങ്ങനെ ഒട്ടേറെ സവിഷേതകൾ നിറഞ്ഞ ചിത്രമായിരുന്നു ‘ലൂസിഫർ’. മികച്ച പ്രതികരണത്തോടെ സിനിമ ആസ്വാദകർ സ്വീകരിച്ച ചിത്രം തെലുങ്കിലേക്ക് റീമേക്കിന് ഒരുങ്ങുന്നുവെന്ന വാർത്തയും ഏറെ ആവേശത്തോടെയായാണ് സിനിമ ആസ്വാദകർ ഏറ്റെടുത്തത്‌.

ലൂസിഫർ തെലുങ്കിൽ എത്തുമ്പോൾ ഗോഡ്ഫാദർ ആകും. മോഹൻ രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുക. ചിത്രത്തിൽ വിവേക് ഒബ്‌റോയ് അവതരിപ്പിച്ച വില്ലൻ കഥാപാത്രമായി റഹ്മാനായിരിക്കും വേഷമിടുക എന്നാണ് സൂചന. ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയൻതാരയാണ്. ചിത്രത്തിലെ നയൻതാരയുടെ ലുക്ക് സംവിധായകൻ പുറത്തുവിട്ടു കഴിഞ്ഞു. മാസങ്ങൾക്ക് മുൻപേ പ്രഖ്യാപിച്ച ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് കൊവിഡ് പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു. ചിത്രം നിർമിക്കുന്നത് ചിരഞ്ജീവിയുടെ മകൻ റാം ചരനാണ്.

Read also: ഇത് സാധാരണ സ്ട്രോബറിയല്ല, വിളഞ്ഞത് ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ട്രോബറി, ഭാരം- 289 ഗ്രാം

ജനനേതാവായ പി കെ ആർ എന്ന പി കെ രാംദാസിന്റെ മരണത്തിൽ നിന്നുമാണ് ലൂസിഫർ എന്ന ചിത്രം ആരംഭിക്കുന്നത്. പി കെ ആറിന്റെ മരണത്തെ മുതലെടുക്കുന്ന ഒരുകൂട്ടരിലൂടെയും അവർക്കെതിരെ പോരാടുന്ന സ്റ്റീഫൻ നെടുമ്പള്ളിയിലൂടെയുമാണ് ചിത്രം വികസിക്കുന്നത്. പ്രേക്ഷകർക്ക് ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതൽ അവസാനം വരെ ആരാധകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തിയ ചിത്രമാണ് ലൂസിഫർ. ഈ ചിത്രം തെലുങ്കിലേക്ക് എത്തുമ്പോൾ ഏറെ ആവേശത്തിലാണ് സിനിമ ലോകം.

Story highlights: Nayanthara as Priyadarshini Ramdas