‘നിങ്ങളെപ്പോലെ ആരുമില്ല ലതാജി..’; പ്രിയഗായികയുടെ ഓർമ്മയിൽ ഗാനം ആലപിച്ച് സൽമാൻ ഖാൻ

February 13, 2022

ഫെബ്രുവരി 6-നായിരുന്നു ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ വിടപറഞ്ഞത്. ആദരണീയ ഗായികയുടെ മരണശേഷം സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങളിൽ നിന്നും ആദരാഞ്ജലികൾ ഇപ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, ബോളിവുഡ് താരം സൽമാൻ ഖാൻ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇതിഹാസ ഗായികയ്ക്ക് വൈകാരികമായ ആദരാഞ്ജലി അർപ്പിച്ചു.

ഇൻസ്റ്റാഗ്രാമിൽ “ലഗ് ജാ ഗേ ” എന്ന ഗാനം പാടുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സൽമാൻ ഖാൻ. “ഒരിക്കലും ഉണ്ടായിട്ടില്ല, ഇനി ഒരിക്കലും ലതാജിയെപ്പോലെ ഒരാളുണ്ടാകില്ല…’ എന്ന കുറിപ്പിനൊപ്പമാണ് താരം ഗാനം ആലപിച്ചു പങ്കുവെച്ചിരിക്കുന്നത്.ലതാ മങ്കേഷ്‌കർ ആലപിച്ച നിരവധി ശ്രദ്ധേയമായ ഗാനങ്ങളിൽ ഒന്നാണ് “ലാഗ് ജാ ഗലേ”.’രാജ് ഖോസ്‌ല സംവിധാനം ചെയ്‌ത ഒരു മിസ്റ്ററി ത്രില്ലർ സിനിമയിലെ ഹിറ്റ് ഗാനമാണിത്. രാജാ മെഹന്ദി അലി ഖാൻ എഴുതിയ മനോഹരമായ ഗാനത്തിന്റെ വരികൾ മദൻ മോഹനാണ് സംഗീതം നൽകിയിരിക്കുന്നത്.

മുൻപും സൽമാൻ ഖാൻ ലത മങ്കേഷ്കറിന് ആദരാജ്ഞലികൾ അർപ്പിച്ചിരുന്നു. ലത മങ്കേഷ്കറിനൊപ്പം ഒരു വേദി പങ്കിടുന്ന ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ഞങ്ങളുടെ വാനമ്പാടിയെ ഞങ്ങൾക്ക് നഷ്ടമാകും. എന്നാൽ നിങ്ങളുടെ ശബ്ദം ഞങ്ങളോടൊപ്പം എന്നേക്കും ജീവിക്കും’ എന്നായിരുന്നു തരാം ചിത്രത്തിനൊപ്പം കുറിച്ചത്.

Read Also: “ജസ്റ്റ് വൗ”; ഗെഹരായിയാനെ പ്രശംസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാവുന്നു

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ലതാ മങ്കേഷ്കർ മുംബൈയിലെ ആശുപത്രിയിൽ അന്തരിച്ചത്. ഗായികയ്ക്ക് 92 വയസ്സായിരുന്നു. ഇന്ത്യയുടെ വാനമ്പാടി എന്നും അറിയപ്പെടുന്ന ലത മങ്കേഷ്‌കർ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 36 ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾക്ക് ശബ്ദം നൽകി.

Story highlights- salman khan pays tribute to lata mangeshkar