അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയിട്ട് 7 വർഷം; തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി ആഘോഷിച്ച അനുഭവം പങ്കുവെച്ച് സഞ്ജു സാംസൺ
ശ്രീലങ്കക്കെതിരെയുള്ള ടി 20 പരമ്പരയിൽ സഞ്ജു സാംസൺ ടീമിലേക്ക് തിരിച്ചെത്തിയതിൽ വലിയ ആവേശത്തിലായിരുന്നു ആരാധകർ. ടീമിലെത്തിയെങ്കിലും സഞ്ജു ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുമോ എന്ന ആശങ്കയും ആരാധകർക്കുണ്ടായിരുന്നു. എന്നാൽ പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ സഞ്ജു ആരാധകരെ ആവേശത്തിലാക്കിയിരുന്നു.
ഇപ്പോൾ തന്റെ പ്രകടനത്തിലുള്ള സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് സഞ്ജു. “ഏഴ് വർഷമായി ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട്. ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞ ഒരു ഇന്നിംഗ്സ് കളിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്” എന്നായിരുന്നു മത്സര ശേഷം സഞ്ജുവിന്‍റെ പ്രതികരണം. ശ്രേയസ് അയ്യരുമായുള്ള പാര്‍ട്ണര്‍ഷിപ്പിനിടെ താളം കണ്ടെത്താന്‍ ഇത്തിരി സമയമെടുത്തതിനേക്കുറിച്ചും സഞ്ജു പറയുന്നുണ്ട്.
മത്സരത്തിൽ ആദ്യ 12 പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു സഞ്ജു നേടിയത്. പതിമൂന്നാം ഓവറിലാണ് ആരാധകർ കാത്തിരുന്ന സഞ്ജുവിന്റെ വെടിക്കെട്ടുണ്ടായത്. ലഹിരു കുമാര പതിമൂന്നാം ഓവര്‍ എറിയാനെത്തുമ്പോള്‍ സഞ്ജുവിന് 21 പന്തില്‍ 19 റണ്‍സായിരുന്നു. എന്നാല്‍ കുമാരയെ മൂന്ന് സിക്സിന് പറത്തി സഞ്ജു അതിവേഗം സ്കോര്‍ ചെയ്തതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ചു. ആ ഓവറിൽ മൂന്ന് സിക്സറുകളും ഒരു ബൗണ്ടറിയുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. അതേ ഓവറിലെ അവസാന പന്തില്‍ സ്ലിപ്പില്‍ ബിനുര ഫെര്‍ണാണ്ടോയുടെ ക്യാച്ചില്‍ സഞ്ജു മടങ്ങുമ്പോള്‍ 25 പന്തില്‍ 39 റണ്‍സിലെത്തിയിരുന്നു.
Read More: ചിരി നിറയ്ക്കാൻ ‘ലളിതം സുന്ദരം’ എത്തുന്നു; ചിത്രം ഒടിടി റിലീസിന്
നേരത്തെ ഇന്ത്യ- ശ്രീലങ്ക ടി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും തകർപ്പൻ വിജയം നേടിയ ഇന്ത്യൻ ടീം മൂന്നാമത്തെയും മത്സരം വിജയിച്ച് പരമ്പര തൂത്തുവാരിയിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യറുടെ പ്രകടനമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ആറുവിക്കറ്റിനായിരുന്നു അവസാന ടി 20 യില്‍ ഇന്ത്യയുടെ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.5 ഓവറില്‍ വെറും നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു.
Story Highlights: Sanju Samson about his 7 year old international cricket career