ചിരി നിറയ്ക്കാൻ ‘ലളിതം സുന്ദരം’ എത്തുന്നു; ചിത്രം ഒടിടി റിലീസിന്

February 28, 2022

മഞ്ജു വാര്യർ നായികയാകുന്ന പുതിയ ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ഒരു രസകരമായ കുടുംബ ചിത്രമായി ഒരുങ്ങുന്ന ലളിതം സുന്ദരം നിർമിക്കുന്നത് മഞ്ജു വാര്യർ ആണ്. മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ചുറിയും ചേർന്നാണ് നിർമാണം. 

നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. ‘ഇന്നലെ’, ‘പത്രം’, ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’, ‘പ്രണയ വർണങ്ങൾ’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ മഞ്ജുവും ബിജു മേനോനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഒടിടി റിലീസായാണ് ലളിതം സുന്ദരം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഡിസ്നി ഹോട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.

ഒരു റൊമാന്റിക് കോമഡി ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാകാൻ ഏകദേശം ഒരു വർഷമെടുത്തു. കാരണം കൊവിഡ് പ്രതിസന്ധി ചിത്രത്തിന്റെ ഷൂട്ടിംഗിനെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.  പ്രമോദ് മോഹന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ബിജു മേനോന്‍ നായകനായ ‘ഒരായിരം കിനാക്കള്‍’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രമോദ് മോഹന്‍. 

Read Also: സസ്‌പെൻസ് നിറച്ച് നവ്യ നായരുടെ തിരിച്ചുവരവ് ചിത്രമായ ‘ഒരുത്തീ’; നൊമ്പരമായി കെപിഎസി ലളിതയുടെ സാന്നിധ്യം- ടീസർ

അതേസമയം, ‘ദി ക്യാമ്പസ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച മധു വാര്യർ സിനിമയുടെ മിക്ക മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ‘സ്വലേ’, ‘മായാമോഹിനി’ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചത് മധുവാര്യർ ആയിരുന്നു. ഇപ്പോൾ ‘ലളിതം സുന്ദര’ത്തിലൂടെ സംവിധാനത്തിലേക്കും അരങ്ങേറ്റം കുറിക്കുന്നു. മഞ്ജു വാര്യർക്കും ബിജു മേനോനും പുറമെ ദീപ്തി സതി, സൈജു കുറുപ്പ്, അനു മോഹൻ, കുട്ടി തെന്നൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Story highlights- Manju Warrier-Biju Menon movie ‘Lalitham Sundaram’ on Disney Hot Star