നൈറ്റ് റൈഡേഴ്സിനെ നയിക്കാൻ പുതിയ നായകൻ; ശ്രേയസ് അയ്യർ കൊല്‍ക്കത്തയുടെ ആറാമത്തെ ക്യാപ്റ്റൻ

February 16, 2022

ഈ കഴിഞ്ഞ ഐപിഎൽ മെഗാ താരലേലത്തിൽ വാശിയേറിയ ലേലം വിളിയാണ് ശ്രേയസ് അയ്യർക്ക് വേണ്ടി നടന്നത്. കടുത്ത പോരാട്ടത്തിനൊടുവിൽ 12.25 കോടിക്ക് കൊല്‍ക്കത്തയാണ് താരത്തെ ടീമിലെത്തിച്ചത്. എന്നാൽ ശ്രേയസ് അയ്യരെ ടീമിലേക്കെത്തിച്ചത് കൃത്യമായ ഉദ്ദേശത്തോടെയായിരുന്നു എന്ന സൂചനയാണ് നൈറ്റ് റൈഡേഴ്‌സ് ഇപ്പോൾ നൽകുന്നത്. പുതിയ സീസണിലേക്കുള്ള നായകനായി ശ്രേയസ് അയ്യരെ പ്രഖ്യാപിച്ചതോട് കൂടി വലിയ തുകയ്ക്ക് താരത്തെ ടീമിലെടുത്തത് ടീമിനെ നയിക്കാൻ കൂടിയായിരുന്നുവെന്ന സന്ദേശമാണ് കൊല്‍ക്കത്ത നൽകുന്നത്.

കൊല്‍ക്കത്ത നായകനാകുന്ന ആറാമത്തെ കളിക്കാരനും നാലാമത്തെ ഇന്ത്യന്‍ താരവുമാണ് അയ്യര്‍. സൗരവ് ഗാംഗുലി, ബ്രെണ്ടന്‍ മക്കല്ലം, ഗൗതം ഗംഭീര്‍, ദിനേശ് കാര്‍ത്തിക്, ഓയിന്‍ മോര്‍ഗന്‍ എന്നിവരാണ് കൊല്‍ക്കത്തയെ മുമ്പ് ഐപിഎല്ലില്‍ നയിച്ചവര്‍. ഇതില്‍ ഗംഭീര്‍ രണ്ടു തവണ കൊല്‍ക്കത്തക്ക് കിരീടം സമ്മാനിച്ചപ്പോള്‍ ഓയിന്‍ മോര്‍ഗന് കീഴില്‍ കൊല്‍ക്കത്ത കഴിഞ്ഞ സീസണില്‍ റണ്ണറപ്പുകളായി.

2020ലെ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഫൈനലിലെത്തിച്ച നായകനാണ് ശ്രേയസ് അയ്യര്‍. കഴിഞ്ഞ സീസണില്‍ പരിക്കിനെത്തുടര്‍ന്ന് അയ്യര്‍ക്ക് ഐപിഎല്ലിന്‍റെ ആദ്യ പകുതി നഷ്ടമായതോടെ ഋഷഭ് പന്തിനെ ഡല്‍ഹി പകരം നായകനാക്കിയിരുന്നു. പിന്നീട് അയ്യര്‍ തിരിച്ചെത്തിയപ്പോഴും പന്ത് തന്നെ നായകനായി തുടര്‍ന്നു. പന്തിന് കീഴില്‍ ഡല്‍ഹി കഴിഞ്ഞ സീസണിലും പ്ലേ ഓഫിലെത്തിയിരുന്നു.

Read More: ‘ഈ ആളുകൾ എനിക്ക് വളരെ വിലപ്പെട്ടവരാണ്..’- ഹൃദയംതൊടുന്ന കുറിപ്പുമായി രജിഷ വിജയൻ

കഴിഞ്ഞ സീസണില്‍ ഓയിന്‍ മോര്‍ഗന് കീഴില്‍ കൊല്‍ക്കത്ത ഫൈനല്‍ കളിച്ചെങ്കിലും ബാറ്ററെന്ന നിലയില്‍ മോര്‍ഗന്‍ തീര്‍ത്തും പരാജയമായിരുന്നു. ഇതാണ് പുതിയ സീസണില്‍ പുതിയ നായകനെ തേടാന്‍ കൊല്‍ക്കത്തയെ പ്രേരിപ്പിച്ചത്. ലേലത്തില്‍ ഇംഗ്ലണ്ട് നായകന്‍ കൂടിയായ മോര്‍ഗന് ആവശ്യക്കാരുണ്ടായിരുന്നില്ല.

ഐപിഎല്ലില്‍ 87 മത്സരങ്ങളില്‍ 2375 റണ്‍സടിച്ചിട്ടുള്ള അയ്യര്‍ 2018 മുതല്‍ 2022വരെയുള്ള സീസണുകളിലെല്ലാം 400 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തിരുന്നു. 2021ലെ സീസണില്‍ നേടിയ 521 റണ്‍സാണ് ഒരു സീസണിലെ അയ്യരുടെ മികച്ച പ്രകടനം.

Story Highlights: Shreyes Iyer KKR Captain