‘നാട്ടുകാരേ ഓടിവരണേ കടയ്ക്ക് തീ പിടിച്ചേ..’- ചിരിവേദിയിൽ ഹിറ്റ് ഡയലോഗ് അവതരിപ്പിച്ച് ഗുരു സോമസുന്ദരം

February 3, 2022

‘മിന്നൽ മുരളി’ എന്ന ചിത്രത്തിലെ പ്രതിനായക വേഷത്തിലൂടെ ശ്രദ്ധനേടിയ താരമാണ് ഗുരു സോമസുന്ദരം. സിനിമയിൽ മാനസിക രോഗത്തിന്റെ ചരിത്രമുള്ള ഒരു കുടിയേറ്റക്കാരനായ ഷിബു എന്ന ആ കഥാപാത്രം, തുടക്കം മുതൽ മാറ്റിനിർത്തപ്പെട്ടവനാണ്. നായകനായ ജെയ്‌സണും ഷിബുവിനും ഇടിമിന്നലേറ്റ് മഹാശക്തികൾ നേടുന്നതിനുമുമ്പ് ആരും അത്ര ശ്രദ്ധിക്കാത്തൊരു കഥാപാത്രം. ലോകം രക്ഷിക്കാനോ നശിപ്പിക്കാനോ ഒന്നുമല്ല, ആത്യന്തികമായി ഉഷയുടെ സ്നേഹത്തിനായാണ് ഷിബു തന്റെ ശക്തി ഉപയോഗിക്കുന്നത്. സിനിമയിൽ കട കത്തിക്കുന്ന ഒരു സീനിലെ ഗുരു സോമസുന്ദരത്തിന്റെ സായലോഗും അഭിനയവും ഹിറ്റായി മാറിയിരുന്നു.

ഇപ്പോഴിതാ, ആ ഡയലോഗ് താരസംഗമ വേദിയായ ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിൽ അവതരിപ്പിക്കുകയാണ് ഗുരു സോമസുന്ദരം. നിറകയ്യടികളോടെയാണ് ചിരിവേദി ഗുരു സോമസുന്ദരത്തിന്റെ പ്രകടനം ഏറ്റെടുത്തത്. അതേസമയം, മിന്നൽ മുരളിയിലെ ഒരു വലിയ സർപ്രൈസ് ആയിരുന്നു ഗുരു സോമസുന്ദരം. പ്രൊമോകളിലോ പോസ്റ്ററിലോ പോലും ഗുരുവിന്റെ ചിത്രമോ സൂചനയോ ഉണ്ടായിരുന്നില്ല.

Read Also: മിന്നൽ ഷിബുവിനെ തേടി എത്തിയ ഉഷ- സ്റ്റാർ മാജിക്കിൽ ചിരിയുടെ മിന്നലാട്ടം പകർന്ന നിമിഷം

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം നിർവഹിച്ച ചിത്രമാണ് മിന്നൽ മുരളി. ഇടിമിന്നലേറ്റ് അമാനുഷീക ശക്തി ലഭിക്കുന്ന രണ്ട് പേരുടെയും അവരെ ചുറ്റിപ്പറ്റിയുള്ള ആളുകളിലൂടെയുമാണ് മിന്നൽ മുരളി മുന്നോട്ട് പോകുന്നത്. ചിത്രത്തിൽ അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

Story highlights- guru somasundaram’s performance in star magic