‘അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്’- കെപിഎസി ലളിതയുടെ ഓർമകളിൽ താരങ്ങൾ
മലയാളത്തിന് അനശ്വരമായ ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച നടി കെപിഎസി ലളിത (74) വിടപറഞ്ഞു. അന്തരിച്ച നടിക്ക് സിനിമാ രംഗത്തെ താരങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചു. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, കീർത്തി സുരേഷ്, രേവതി എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചവരിൽ ഉൾപ്പെടുന്നു. നടൻ മമ്മൂട്ടി കെപിഎസി ലളിതയുടെ ഓർമ്മയിൽ കുറിച്ച വാക്കുകൾ ഇങ്ങനെ ‘വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു , വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വം’.
നടി മഞ്ജു വാര്യർ ദീർഘമായ ഒരു കുറിപ്പിനൊപ്പമാണ് ആദരാജ്ഞലികൾ അറിയിച്ചിരിക്കുന്നത്. ‘അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്. ‘മോഹൻലാൽ ‘ എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട…’
രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ നടിയാണ് കെപിഎസി ലളിത- 1999-ൽ അമരം, 2000-ൽ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അവാർഡുകൾ നേടിയത്. നാല് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ലഭിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ കെപിഎസി ലളിത മലയാളത്തിലും തമിഴിലുമായി 550-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അന്തരിച്ച മലയാള ചലച്ചിത്രകാരൻ ഭരതനെയാണ് കെപിഎസി ലളിത വിവാഹം കഴിച്ചത്.
Story highlights- To Malayalam Actor KPAC Lalitha, Tributes From actors