കരുത്തോടെ വളയം പിടിച്ച് തൃശൂരിൽ നിന്നും യുഎഇയിലേക്ക്, അവിടെയും റെക്കോർഡ് നേട്ടം; ഡിലീഷയ്ക്ക് നിമിത്തമായി ഫ്ളവേഴ്സ് ഒരുകോടി

February 18, 2022

അറിവിനൊപ്പം ആനന്ദവും അനുഭവങ്ങളും പങ്കുവയ്ക്കുന്ന വേദിയാണ് ഫ്ളവേഴ്സ് ഒരു കോടി. ഇതിനോടകം നിരവധി ആളുകളുടെ ജീവിതം മാറ്റിമറിച്ച ഈ വേദിയിൽ മത്സരിക്കാൻ എത്തിയ ഡിലീഷ ഡേവിസ് എന്ന പെൺകുട്ടിയെ പലരും മറന്ന് കാണില്ല. തൃശൂർ സ്വദേശിയായ ഡിലീഷ വലിയ ടാങ്കർ ലോറി അടക്കമുള്ള വാഹനങ്ങൾ ഓടിച്ച് ശ്രദ്ധനേടിയ പെൺകുട്ടിയാണ്. ഒരു കോടി വേദിയിലൂടെ ഡിലീഷയെക്കുറിച്ചറിഞ്ഞ യുഎഇയിലെ ഒരു കമ്പിനി ജോലി വാഗ്ദാനം നൽകി ഡിലീഷയെ യുഎഇ ലേക്ക് ക്ഷണിച്ചു. ഇപ്പോഴിതാ അവിടെ ജോലി ചെയ്യുന്നതിനിടെ മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചിരിക്കുകയാണ് ഈ പെൺകരുത്ത്. യുഎഇയിൽ പെട്രോൾ ലോറി ട്രക്ക് ഓടിക്കുന്ന ആദ്യമലയാളി വനിതാ എന്ന റെക്കോർഡാണ് ഈ ഇരുപത്തിമൂന്നുകാരി കരസ്ഥമാക്കിയിരിക്കുന്നത്.

നാട്ടിൽ വലിയ വാഹനങ്ങൾ ഓടിച്ച് തഴക്കം വന്നതാണ് ഡിലീഷയ്ക്ക്, എന്നാൽ ദുബായിൽ എത്തിയതോടെ അവിടെ ഡിലീഷയെ കാത്തിരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യങ്ങൾ ആയിരുന്നില്ല. ദുബായിൽ കമ്പനിയിൽ ജോലിക്ക് ചേർന്നെങ്കിലും ലൈസൻസ് എടുക്കലായിരുന്നു ആദ്യത്തെ വലിയ കടമ്പ. ഇന്ത്യയിൽ വാഹനം ഓടിച്ച പരിചയം മാത്രം മതിയാവില്ല ദുബായിൽ വാഹനം ഓടിക്കാൻ. റോഡ് നിയമങ്ങൾ കൃത്യമായി പാലിച്ച് പല ടെസ്റ്റുകൾ പാസായാൽ മാത്രമേ ഇവിടെ ലൈസൻസ് ലഭിക്കുകയുള്ളു.

Read also: അസാധ്യം എന്നല്ലാതെ എന്താണ് പറയുക; അച്ഛൻ മകൾക്കായി ഒരുക്കിയ ഗായത്രിവീണയിൽ അത്ഭുതസംഗീതം പൊഴിച്ച് വൈക്കം വിജയലക്ഷ്മി

പക്ഷെ പിന്തിരിയാൻ തയ്യാറാകാതിരുന്ന ഡിലീഷ നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകുകയും ലൈസൻസിന് അപേക്ഷിക്കുകയും ചെയ്തു. അപ്പോഴാണ് പെട്രോൾ ലോറി ട്രക്ക് ഓടിക്കുന്ന ജോലിക്ക് അപേക്ഷ നൽകുന്ന ആദ്യ വനിതയാണ് ഡിലീഷ എന്നറിയുന്നത്. തുടർന്ന് ഡിലീഷയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും കമ്പനി ചെയ്തുകൊടുത്തു. അങ്ങനെ മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചിരിക്കുകയാണ് ഡിലീഷ.

ഇതോടെ തന്റെ ജീവിതത്തിലെ വളരെക്കാലമായിട്ടുള്ള ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ഡിലീഷ, ദുബായ് ഇന്റർനാഷ്ണൽ ലൈസൻസിനും ഹെവി വെഹിക്കിൾ ലൈസൻസും ഉടമയാണ് ഇന്ന് ഈ തൃശൂർ സ്വദേശി.

Story highlights: Delicia- the first Malayali woman to drive a petrol tanker truck