കല്ല്യാണ പാട്ടിനൊപ്പം താളമിട്ട് ദുല്‍ഖർ സൽമാൻ; ഒപ്പം സണ്ണി വെയിനും സൈജു കുറുപ്പും- വിഡിയോ

February 13, 2022

സൈജു കുറുപ്പ് നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ‘ഉപചാരപൂർവ്വം ഗുണ്ടാ ജയൻ’. സൈജു കുറുപ്പിന്റെ കരിയറിലെ നൂറാം ചിത്രം എന്ന വിശേഷണവുമായാണ് ‘ഉപചാരപൂർവ്വം ഗുണ്ടജയൻ’ റീലിസിന് എത്തുന്നത്. കഴിഞ്ഞദിവസം ആയിരുന്നു ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തത്. അജിത് പി വിനോദൻ രചിച്ച ‘ ഗാനത്തിന് ശബരീഷ് വർമ്മ, ജയദാസൻ എന്നിവർ ചേർന്നാണ് ഈണം പകർന്നത്. ശബരീഷ് വർമ്മ തന്നെയാണ് ഗാനം ആലപിച്ചത്. ഇപ്പോൾ ഈ ഗാനത്തിന്റെ റീൽസ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് നിർമാതാവ് കൂടിയായ ദുൽഖർ സൽമാൻ. പാട്ടിനൊപ്പം താളം പിടിക്കുകയാണ് ദുൽഖർ സൽമാൻ. ഒപ്പം, സണ്ണി വെയ്നും സൈജു കുറുപ്പുമുണ്ട്.

ഫെബ്രുവരി 25ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. അരുൺ വൈഗ സംവിധാനം ചെയ്തിരിക്കുന്ന കോമഡി എന്ററൈനെർ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് വർമ്മയാണ്. കുറുപ്പ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രമാണ് ‘ഉപചാരപൂർവ്വം ഗുണ്ടജയൻ’. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Read Also: ‘തേടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമി…’ ഉള്ളുതൊട്ട് മേഘ്‌ന പാടി; കണ്ണുനിറഞ്ഞ് പാട്ടുവേദി

സൈജു കുറുപ്പിനൊപ്പം മലയാളത്തിലെ ഒരു വലിയ താരനിര തന്നെ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് ഇതിലെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്. എൽദോ ഐസക് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസും ഇതിലെ മറ്റു ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ബിജിപാലും ആണ്.

Story highlights- upacharapoorvam gunda jayan reels challenge