‘റൗഡി ബേബി’യേയും പിന്നിട്ട് വിജയ്‌യുടെ ‘അറബിക് കുത്ത്’ സോങ്; ദിവസങ്ങൾക്കുള്ളിൽ 100 മില്യണ്‍ കാഴ്ചക്കാരെ നേടിയ അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം

February 28, 2022

ചില പാട്ടുകൾ അങ്ങനെയാണ്, ആസ്വാദകരുടെ ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലും. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തമിഴകത്തിന്റെ പ്രിയതാരം വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിലെ അറബിക് കുത്തു സോങ് റിലീസ് ചെയ്തത്. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ആസ്വാദകമനം കവർന്ന ഗാനത്തിന് ചുവടുകളുമായി പ്രമുഖതാരങ്ങൾ ഉൾപ്പെടെയുള്ളവർ എത്തിയിരിക്കുന്നു. ഇപ്പോഴിതാ റെക്കോർഡിന്റെ നിറവിലാണ് ഈ ഗാനം. തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാർ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡാണ് ഈ ഗാനം നേടിയിരിക്കുന്നത്. 15 ദിവസങ്ങൾ കൊണ്ടാണ് ഗാനത്തിന്റെ ഈ നേട്ടം. അതേസമയം തെന്നിന്ത്യയിൽ തരംഗമായ റൗഡി ബേബിയ്ക്ക് ശേഷം തമിഴകത്തിന്റെ ഹൃദയം കവർന്ന മറ്റൊരു ഗാനമാണിത്. ഇപ്പോഴിതാ ‘റൗഡി ബേബി’ ഗാനത്തിന്റെ റെക്കോർഡും മറികടന്നിരിക്കുകയാണ് അറബി കുത്ത്സോങ്. റൗഡി ബേബി 18 ദിവസം കൊണ്ടായിരുന്നു 100 മില്യണ്‍ കടന്നത്.

വിജയ് നായകനായ ‘ബീസ്റ്റ്’ എന്ന ചിത്രത്തിലെ ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത് വിജയ്‍യും പൂജ ഹെഗ്ഡെയുമാണ്. അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് ശിവകാര്‍ത്തികേയൻ ആണ്. ആലാപനം അനിരുദ്ധ് രവിചന്ദറും ജോനിക ഗാന്ധിയും ചേർന്നാണ്. അതേസമയം ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ചേഴ്സ് ആണ് നിര്‍മാണം. അതേസമയം തിയേറ്റർ റിലീസായാണ് ചിത്രം എത്തുക. വിജയ്-യുടെ കരിയറിലെ 65-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ബീസ്റ്റിനുണ്ട്. 

Read also: വിക്രമിനെ കാണാനെത്തിയ സേതുരാമയ്യർ ; സിബിഐ അഞ്ചാം ഭാഗത്തിൽ ജഗതി ശ്രീകുമാറും, ശ്രദ്ധനേടി ചിത്രങ്ങൾ

ബീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ മറ്റൊരു ചിത്രവും വിജയ് പ്രഖ്യാപിച്ചിരുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് നിർമ്മിക്കുന്ന തന്റെ അടുത്ത ചിത്രത്തിൽ വംശി പൈഡിപ്പള്ളിയ്‌ക്കൊപ്പം പ്രവർത്തിക്കാനുള്ള ഒരുക്കത്തിലാണ് വിജയ്. തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരെ നേടിയെടുത്ത താരത്തിന്റെ ചിത്രങ്ങൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ.

Story highlights: vijay arabic kuthu song beats rowdy baby record