‘വലുതാകുമ്പോൾ ഇത് ഉപയോഗിക്കേണ്ട സമയം വരും’; കുഞ്ഞുയാമിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകി ശില്പ ബാല, വിഡിയോ

February 4, 2022

പലകാര്യങ്ങളെക്കുറിച്ചും കുട്ടികൾ അവരുടെ സംശയങ്ങൾ ചോദിക്കുമ്പോൾ അതിന് കൃത്യമായ മറുപടി നൽകുന്നതിന് പകരം അതൊന്നും അറിയാനുള്ള പ്രായമായില്ലെന്ന് പറയുന്നവരും, ചിലപ്പോൾ ചില ലളിതമായ താത്കാലിക നുണകൾ പറയുന്നവരെയും നമുക്ക് പരിചിതമാണ്. അക്കൂട്ടർക്കിടയിൽ നിന്നും വ്യത്യസ്തയാകുകയാണ് നടിയും അവതാരികയുമായ ശില്പ ബാല. സാനിറ്ററി നാപ്കിനെക്കുറിച്ച് മകൾ യാമിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്ന താരത്തിന്റെ വിഡിയോ ഇതിനോടകം സോഷ്യൽ ഇടങ്ങളിലും വലിയ രീതിയിൽ പ്രചരിച്ചിട്ടുണ്ട്.

ഇത് അമ്മയുടെ പാംപേഴ്‌സ് ആണോ എന്ന് ചോദിക്കുന്ന യാമിയുടെ ചോദ്യത്തിന് വളരെ കൃത്യമായും പക്വതയോടെയുമാണ് ശില്പ ബാല ഉത്തരം പറയുന്നത്. മകൾ യാമി ഒരു ദിവസം നൂറിലധികം സംശയങ്ങൾ ചോദിക്കുന്ന സമയം വന്നിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന വിഡിയോ ശില്പ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

Read also: ഇത് ലോകത്തിലെ ഏറ്റവും പവറുള്ള പവർ ബാങ്കോ ? സ്മാർട്ട് ഫോൺ മാത്രമല്ല, ടിവിയും വാഷിങ് മെഷീനുംവരെ ഒരേസമയം പ്രവർത്തിപ്പിക്കും, വിഡിയോ

ഇത് അമ്മയുടെ പാംപേഴ്‌സ് ആണോ എന്നാണ് യാമി ശില്പയോട് ചോദിക്കുന്നത്, അമ്മ ചെറിയ കുട്ടി അല്ലല്ലോ പിന്നെ എന്തിനാണ് ഇത് ഉപയോഗിക്കുന്നത് എന്നും തുടർന്ന് ചോദിക്കുന്ന യാമിയോട്, ‘അമ്മ ചെറുതല്ല, വലിയ സ്ത്രീയാണ് വലുതാകുമ്പോൾ ഇത് ഉപയോഗിക്കേണ്ട സമയം വരും എന്നുമാണ് ശില്പ കുഞ്ഞിന് പറഞ്ഞുകൊടുക്കുന്നത്. കുട്ടികളുടെ ഇത്തരം സംശയങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ പറഞ്ഞുകൊടുക്കുന്നതിൽ തെറ്റില്ല എന്നും ശില്പ ബാല വിഡിയോയിൽ പറയുന്നുണ്ട്. നിരവധിപ്പേർ ശിൽപയുടെ വിഡിയോയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്.

Story highlights: Viral video of Shilpa Balas reply to yami