സ്കൂളിന് മുന്നിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം- പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത് ആറു വയസുകാരൻ
ഗതാഗതക്കുരുക്ക് ഇന്ന് മിക്ക നഗരങ്ങളിലും കണ്ടുവരുന്ന വലിയൊരു പ്രശ്നമാണ്. ഇത് പലപ്പോഴും വലിയ അപകടങ്ങൾക്ക് പോലും കാരണമാകാറുണ്ട്. ചിലപ്പോൾ ചെറിയ ചില അശ്രദ്ധയാകാം ഇത്തരത്തിലുള്ള വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നത്, അധികാരികളുടെ കൃത്യമായ ഇടപെടലുകൾ ഉണ്ടെങ്കിൽ ഒരുപരിധിവരെ ഇത് പരിഹരിക്കാനും സാധിക്കും. ഇപ്പോഴിതാ ഗതാഗതക്കുരുക്ക് പരിഹരിക്കണം എന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനിൽ എത്തിയിരിക്കുകയാണ് ഒരു യുകെജി വിദ്യാർത്ഥി. തന്റെ സ്കൂളിന് മുന്നിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം എന്ന ആവശ്യവുമായാണ് കാർത്തികേയ എന്ന കുരുന്ന് സ്റ്റേഷനിൽ എത്തിയത്. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പലമനേരിലുള്ള ലോക്കൽ പൊലീസ് സ്റ്റേഷനിലാണ് ഈ ആറുവയസുകാരൻ പരാതിയുമായി എത്തിയത്.
സ്റ്റേഷനിൽ ഇരുന്ന് പൊലീസുകാരോട് പരാതി പറയുന്ന കാർത്തികേയയുടെ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിലും വൈറലായിക്കഴിഞ്ഞു. ട്രാഫിക് പ്രശ്നങ്ങളെക്കുറിക്കും ഡ്രെയ്‌നേജ് പണിയുമായി ബന്ധപ്പെട്ട് വാഹനങ്ങൾ റോഡരികിൽ നിർത്തിയത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ പൊലീസുകാരോട് പറയുന്നുണ്ട് ഈ കുരുന്ന്. അതിനുപുറമെ തങ്ങളുടെ പ്രദേശം സന്ദർശിക്കണം എന്നും പ്രശ്നങ്ങൾ നേരിട്ട് കണ്ട് പരിഹരിക്കണം എന്നും വളരെ ആധികാരികമായി സംസാരിക്കുകയാണ് ഈ ആറു വയസുകാരൻ.
അതേസമയം ഈ കുരുന്നിന്റെ ഉദ്ദേശശുദ്ധി കണക്കിലെടുത്ത് കുഞ്ഞിന് നിറഞ്ഞ സ്വീകരണമാണ് പൊലീസുകാർ നൽകുന്നത്. ഒപ്പം പരാതി പരിഹരിക്കാം എന്ന് പറയുന്ന ഉദ്യോഗസ്ഥർ മധുരപലഹാരങ്ങൾ അടക്കം നൽകിയാണ് ഈ കുഞ്ഞിനെ തിരികെ വീട്ടിലേക്ക് പറഞ്ഞയയ്ക്കുന്നത്. എന്തായാലും ഈ വിഡിയോ ഇതിനോടകം നിരവധിപ്പേരുടെ ശ്രദ്ധയിൽപ്പെട്ടുകഴിഞ്ഞു. സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനുള്ള ഒരു ആറു വയസുകാരന്റെ താത്പര്യം കണക്കിലെടുത്തും ഇത്ര ചെറിയ പ്രായത്തിൽ തന്നെ വലിയ കാര്യങ്ങൾ ചെയ്യാൻ മനസ് കാണിച്ച കുഞ്ഞിനെ അഭിനന്ദിച്ചും നിരവധിപ്പേരും എത്തുന്നുണ്ട്.
#AndhraPradesh: A 6-year-old UKG student Karthikeya of #Palamaner in #Chittoordistrict complaints to the police, on traffic issues near his school. He asked the police to visit the school and solve the problem.@NewsMeter_In @CoreenaSuares2 @ChittoorPolice @APPOLICE100 pic.twitter.com/RxiJpSYzY0
— SriLakshmi Muttevi (@SriLakshmi_10) March 19, 2022
Story highlights: 6 year old reaches to police station to complain about traffic